വടക്കഞ്ചേരി: പ്രളയകാലത്ത് ഇരുകര കവിഞ്ഞ് നിറഞ്ഞൊഴുകിയ പുഴകൾ ഇപ്പോൾ വറ്റിവരണ്ട് പാറകൾ മാത്രമായി. മംഗലംഡാം മലനിരകളിൽ നിന്നു വരുന്ന പുഴകളാണ് ഇപ്പോൾ പേരിനുപോലും തുള്ളിവെള്ളമില്ലാതെ വരണ്ടുണങ്ങി കിടക്കുന്നത്. സാധാരണ മാർച്ച് അവസാനം വരെയെങ്കിലും ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകുമായിരുന്നത് ഇത്തവണ ഫെബ്രുവരി അവസാമാകുമ്പോഴേക്കും തുള്ളിവെള്ളം പോലും ഇല്ലാതായി. മംഗലം പുഴയിലും, കരിപ്പാലി പുഴയിലുമാണ് ഇത്തവണ വേനൽ കനക്കും മുമ്പേ വെള്ളമില്ലാതായത്. ഇപ്പോൾ മംഗലം പാലത്തിന് സമീപമുള്ള തടയണയിലാണ് പേരിനെങ്കിലും വെള്ളമുള്ളത്.
പുഴയിൽ വെള്ളമില്ലാതായതോടെ നിരവധി കുടിവെള്ള പദ്ധതികളെയും ബാധിച്ചു. പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരിച്ച് ജലവിതരണം നടത്തുന്ന പദ്ധതികളാണ് ഇതുമൂലം മുടങ്ങിയത്. വെള്ളത്തെ ആശ്രയിച്ച് പുഴയോരത്തുള്ള തോട്ടങ്ങളും നനയ്ക്കാൻ കഴിയാത്ത സ്ഥിതിയായി. കുളിക്കാനും, വസ്ത്രങ്ങൾ അലക്കാനും പുഴയോരത്തുള്ളവർ ആശ്രയിച്ചിരുന്നത് ചില ഭാഗങ്ങളിൽ കെട്ടിയുയർത്തിയ തടയണകളിലെ വെള്ളമാണ്.
വേണം കൂടുതൽ തടയണകൾ
പ്രളയത്തിൽ ശക്തമായ കുത്തിയൊലിച്ചുപോയ വെള്ളത്തോടൊപ്പം താൽകാലികമായി നിർമ്മിച്ച തടയണകളും പൂർണമായും തകർന്നു. ഇതോടെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തുകളിലെ പുഴകളെ ആശ്രയിച്ചുകഴിയുന്നവരും വെള്ളത്തിന് നെട്ടോട്ടം ഒടുന്ന സ്ഥിതിയാണ്. വിവിധ പഞ്ചായത്തുകളുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി താൽകാലിക തടയണ നിർമ്മിക്കാനുള്ള ശ്രമത്തിലാണ്. അടുത്ത മഴയത്തെങ്കിലും വെള്ളം കെട്ടി നിർത്തി വേനൽക്കാലത്ത് ഉപയോഗിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.