ഷൊർണൂർ: ഷൊർണൂർ റെയിൽവെ സ്റ്റേഷനിലെ മേൽക്കൂരയില്ലാത്ത പ്ലാറ്റ്ഫോമുകളിൽ വെയിറ്റിംഗ് ഷെഡ്ഡുകൾ നിർമ്മിക്കാൻ അനുമതി.നാല്, അഞ്ച് പ്ലാറ്റ് ഫോമുകളിലും, ആറ്, ഏഴ് പ്ലാറ്റ്ഫോമുകളിലുമാണ് യാത്രക്കാർക്ക് വെയിലും മഴയും കൊള്ളാതെ ഇരിക്കാനുള്ള വെയിറ്റിംഗ് ഷെഡ്ഡുകൾ നിർമ്മിക്കുന്നത്.സംസ്ഥാനത്ത് കൂടുതൽ പ്ലാറ്റ്ഫോമുകളുള്ള റെയിൽവെ സ്റ്റേഷൻ ഷൊർണൂരാണ്. ഏഴ് പ്ലാറ്റ്ഫോമുകളുണ്ട്. ഇതിൽ 4,5,6,7 പ്ലാറ്റ്ഫോമുകൾ നീളം കൂടിയവയാണ്. കൂടുതൽ കോച്ചുകളുള്ളതും ദീർഘദൂര സർവീസ് നടത്തുന്നതുമായ ട്രെയിനുകളാണ് ഈ പ്ലാറ്റ് ഫോമുകളിൽ എത്തുന്നത്. പ്ലാറ്റ് ഫോമുകളെ ബന്ധിക്കുന്ന നടപ്പാലത്തിനോട് ചേർന്നുള്ള തണൽ ഭാഗം കഴിഞ്ഞാൽ പ്ലാറ്റ്ഫോമുകളുടെ രണ്ടറ്റവും മേൽക്കൂരയില്ലാതെ നീണ്ടു കിടക്കുകയാണ്. യാത്രക്കാർ ട്രെയിനിൽ സീറ്റ് പിടിക്കാൻ ഏറെ ദൂരം നടക്കേണ്ടുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. വേനൽക്കാലമായാലും മഴക്കാലമായാലും ഈ സാഹചര്യം യാത്രക്കാർക്ക് വലിയ ദുരിതമാണുെണ്ടാക്കുന്നത്.ഈ പ്ലാറ്റ്ഫോമുകളിൽ മേൽക്കൂര നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.