അഗളി: ദിവസങ്ങളുടെ ഇടവേളക്കു ശേഷം അട്ടപ്പാടി റേയിഞ്ചിന്റെ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയിൽ 800 ഹെക്ടറോളം സംരക്ഷിത വനമേഖല ഇന്നലെ കത്തിയമർന്നു. അഹാഡ്സ് പ്രൊജക്ടും, വനംവകുപ്പും സ്ഥാപിച്ച സംരക്ഷിത വനമാണ് വനംവകുപ്പിന്റെ ശ്രദ്ധകുറവിന് വീണ്ടും ഇരയായത്. സൈലന്റ് വാലി നിത്യഹരിത വനമേഖലക്ക് സമീപവും നീലഗിരി ജൈവ വൈവിദ്ധ്യവ മേഖലയിൽ ഉൾപ്പെടുന്നതുമായ ഗൊട്ടിയാർ കണ്ടി, ചെന്തവൻമല പ്രദേശങ്ങളിൽ തീ കത്താനുള്ള സാധ്യതകൾ നാട്ടുകാർ ചൂണ്ടി കാണിച്ചിട്ടുള്ളതാണെന്ന് പറയുന്നു.
അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വർക്കിംഗ് ഗ്രൂപ്പ് യോഗങ്ങളിൽ വനംവകുപ്പിന്റെയും മഹാത്മഗാധി ദേശീയ തൊഴിലുറപ്പു പദ്ധതി പ്രകാരവും അഗ്നി പ്രതിരോധ പ്രവർത്തനങ്ങൾ നടത്താമെന്ന് 2018 ഒക്ടോബറിൽ തീരുമാനമെടുത്തതാണ്. ഇത് ഉദ്യോഗസ്ഥർ നടപ്പിലാക്കാൻ അലംഭാവം കാണിച്ചതാണ് ഈ വർഷം അട്ടപ്പാടിയിലെ വനം മുൻ വർഷങ്ങളിലേതിനെക്കാൾ കത്താൻ കാരണമെന്ന് പരിസ്ഥിതി പ്രവർത്തകർ പറഞ്ഞു. ഇന്നലെ പാലൂർ ഗൊട്ടിയാർകണ്ടി, കുറുക്കത്തിക്കല്ല്, ആനക്കട്ടി ഊരു പ്രദേശങ്ങൾ താണ്ടുന്ന കാട്ടുതീ നീലഗിരി ജൈവവൈവിധ്യ മേഖലയെ സാരമായി ബാധിക്കും.