kanal
മുണ്ടായ പാടശേഖരത്തിന് സമീപത്തുള്ള ഇറിഗേഷൻ കനാൽ.

ഷൊർണൂർ: മുണ്ടായ പാടശേഖരത്തിൽ ജലസേചനമൊരുക്കാൻ നിർമ്മിച്ച ഇറിഗേഷൻ കനാലുകൾ തകർന്ന് കിടക്കുന്നത് അധികൃതരുടെ അനാസ്ഥ മൂലമെന്ന് പരാതി. ഷൊർണൂരിൽ ഇറിഗേഷൻ വകുപ്പ് ഓഫീസ് ഉണ്ടായിട്ടും കർഷകരുടെ ആവശ്യം പരിഹരിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ലെന്ന് കർഷകർ ആരോപിക്കുന്നു.

20 വർഷത്തിലേറെയായി തകർന്ന് കിടക്കുന്ന കനാലുകൾ ഉപയോഗിക്കാനാവാത്തത് കൊണ്ട് കൃഷി മേഖലയാകെ തകർന്ന കിടക്കുന്ന സ്ഥിതിയാണ്. ജലസേചന സൗകര്യമില്ലാത്തതിനാൽ ഭാരതപ്പുഴയുടെ തീരത്തെ നെൽപ്പാടങ്ങളാകെ തരിശ് നിലമായും ഇഷ്ടിക ചൂളകളാലും നിറഞ്ഞിരിക്കുന്ന അവസ്ഥയാണ്.

കൃഷി സ്‌നേഹികളായ ചിലരുടെ ശ്രമഫലമായി കഷ്ടപ്പെട്ട് ഭാരതപ്പുഴയിൽ നിന്ന് ജലസേചനം നടത്തി നെൽകൃഷിയെ വീണ്ടും പരിപോഷിപ്പിച്ചത് ഏറെ പ്രശംസനീയമായിരുന്നു. എന്നാൽ കർഷകർക്ക് സഹായകമാകേണ്ട ഇറിഗേഷൻ ഇപ്പോഴും പ്രശ്നങ്ങൾ കണ്ടില്ലെന്ന മട്ടാണ്.

കിലോമീറ്ററുകളോളം നീളമുള്ള കനാലുകളിൽ ജലസേചനത്തിന് സൗകര്യമുണ്ടായാൽ ഇനിയും കാർഷിക മേഖലയെ മുന്നോട്ടു കൊണ്ടുവരുവാൻ സാധിക്കും. കൃഷിയെ പരിപോഷിപ്പിക്കാൻ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും മുന്നിട്ട് നിൽക്കുമ്പോൾ ഉദ്യോഗസ്ഥർ മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. ഇത് കർഷകരെ ആത്മഹത്യയിലേക്കാണ് നയിക്കുന്നതെന്ന് പാടശേഖര സമിതി ആരോപിക്കുന്നു. പാടശേഖരങ്ങൾക്ക് നടുവിൽ കമ്പിവേലി കെട്ടുന്നതിനും വീടുവെക്കുന്നതിനും ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത് കൊടുക്കുന്നത് ഇവിടെ നേർക്കാഴ്ചയാണ്.

മുണ്ടായ പാടശേഖരത്തിന് സമീപത്തുള്ള ഇറിഗേഷൻ കനാൽ