ചിറ്റൂർ: പ്രസിദ്ധമായ കൊങ്ങൻപട ഉത്സവത്തിന് ചിറ്റൂർ പഴയന്നൂർ കാവിൽ ഇന്നലെ രാവിലെ എട്ടിന് കൊടിയേറി. തമ്പാട്ടി, നാലുവീട്ട് മേനോൻമാർ, ദേശക്കാർ എന്നിവരുടെ സാന്നിധ്യത്തിലാണ് കൊടിയേറ്റം നടന്നത്.
കൊടിയേറ്റത്തിന് ശേഷം തമ്പാട്ടി കുമ്മാട്ടി കുട്ടികളെ പാലത്തുള്ളി പുഴയിലും ദേശത്തെ കുളങ്ങളിലും നീരാടാൻ അയച്ചു. വൈകിട്ട് അഞ്ചിന് കൊങ്ങനും ദേശക്കാരും ഏറ്റുമുട്ടിയ അരിമന്ദത്ത് കാവിലേക്കുള്ള പടപ്പുറപ്പാട് നടന്നു. ചമ്പത്ത് മച്ചിൽ സൂക്ഷിക്കുന്ന ഉടയാടകൾ അണിഞ്ഞ് നാന്തുകവും ചിലമ്പുമായി അരി മന്നത്തിലേക്കുള്ള പടയാത്ര നടത്തി.
രാത്രി പാണനും പാട്ടിയും വേല, കുംഭപൂശാരി വേല, ചക്കകള്ളൻ മാങ്ങാക്കള്ളൻ വേല എന്നിവ നടന്നു. നാളെ രാത്രി ഏഴിന് ആശാരി മൂശാരി വേലയും ഐങ്കുടി കമ്മാളൻ വേലയും നടക്കും.
ചിറ്റൂർ കൊങ്ങൻപട ഉത്സവത്തിന് ചിറ്റൂർ പഴയന്നൂർ കാവിൽ കൊടിയേറിയപ്പോൾ