photo
പ്രളയ ധനസഹായം ലഭിക്കാത്ത ഭാഗികമായി തകർന്നുപോയ വീടിനു മുന്നിൽ ഗോമതിയും കുടുംബവും.

നെല്ലിയാമ്പതി: പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണത്തിൽ വ്യാപകമായി പരാതി. നെല്ലിയാമ്പതി പഞ്ചായത്തിലെ ദുരിത ബാധിതർക്കുള്ള ധനസഹായ വിതരണത്തിലാണ് വ്യാപകമായി പരാതി ഉയർന്നിരിക്കുന്നത്. അർഹതയുള്ള പലർക്കും ധനസഹായം ലഭിച്ചില്ലെന്നും അനർഹർക്ക് അധിക തുക അനുവദിച്ചെന്നുമാണ് പരാതി.

ഇതുസംബന്ധിച്ച് ആർ.എസ്.പി നെല്ലിയാമ്പതി ലോക്കൽ സെക്രട്ടറി പി.സഹനാഥൻ വകുപ്പ് മന്ത്രിക്കും ജില്ലാ കളക്ടർക്കും പരാതി നൽകി. 2018 ആഗസ്റ്റ് 16നുണ്ടായ ശക്തമായ മഴയിൽ നെല്ലിയാമ്പതി നൂറടി പ്പുഴയിൽ വെള്ളം കയറി നൂറടിയിലെയും പാടഗിരിയിലെയും നിരവധി വീടുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. ഈ വീടുകൾക്ക് സർക്കാറിന്റെ റീബിൽഡ് പദ്ധതി പ്രകാരം വീടുകൾ നന്നാക്കുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. ഇതുപ്രകാരം വീടുകൾ പൂർണ്ണമായി മുങ്ങിയവർക്കും ഭാഗികമായി നഷ്ടം സംഭവിച്ചവർക്കും നാശത്തിന്റെ തോതനുസരിച്ചാണ് ധനസഹായം നൽകുന്നത്.

എന്നാൽ പാടഗിരി, നൂറടി ഭാഗങ്ങളിലെ പത്തിലധികം കുടുംബങ്ങൾക്ക് യാതൊരു ധനസഹായവും ലഭിച്ചിട്ടില്ല. എന്നാൽ വെള്ളം കയറാത്ത ചില വീടുകൾക്ക് ഒന്നരലക്ഷം രൂപയിലധികം ധനസഹായം ലഭിക്കുകയും ചെയ്തായി പരാതിയിൽ പറയുന്നു.

പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തി അർഹരായവരെ കണ്ടെത്തിയിട്ടുള്ളത്. ഇതിൽ വ്യാപകമായി ക്രമക്കേട് നടത്തിയാണ് പട്ടിക തയ്യാറാക്കിയതെന്നും, ഇതിന് ഉത്തരവാദിയായ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. എന്നാൽ പഞ്ചായത്തിന്റെ എൻജീനീയർ നേരിട്ട് പരിശോധിച്ചാണ് പട്ടിക നൽകിയതെന്ന് സെക്രട്ടറി പറഞ്ഞു.