photo
പ്രവർത്തനരഹിതമായ ഷൊർണൂർ മുണ്ടായ മേച്ചിരാത്തുകുന്ന് കുടിവെള്ള പദ്ധതി.

ഷൊർണൂർ: കടുത്ത വേനലിൽ കുടിവെള്ളത്തിനായി ജനങ്ങൾ നെട്ടോട്ടമോടുമ്പോൾ നഗരസഭയിലെ പല കുടിവെള്ള പദ്ധതികളും തകർന്ന് ഉപയോഗ ശൂന്യമായി കിടക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം പോലും ചെയ്യാതെ ഒരു വർഷം മുമ്പ് പ്രവർത്തനം തുടങ്ങിയ മേച്ചിരാത്തുകുന്ന് കുടിവെള്ള പദ്ധതിയാണ് ഇതിലൊന്ന്.

ഭാരതപ്പുഴയിൽ കിണർ നിർമ്മിച്ച് പൈപ്പുവഴി കുടിവെള്ള വിതരണം നടത്തുന്ന പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചെങ്കിലും പ്രളയത്തെ തുടർന്ന് വൈദ്യുതി തൂൺ തകരുകയും മോട്ടോർ തകരാറിലാകുകയും ചെയ്തു. പ്രവർത്തന രഹിതമായ കുടിവെള്ള പദ്ധതി പുനരാരംഭിക്കാൻ ഇതുവരെ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പദ്ധതി പട്ടികജാതി കോളനികൾക്ക് യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ലെന്ന പരാതി തുടക്കത്തിലേ ഉണ്ടായിരുന്നു.

കുടിവെള്ള പദ്ധതി പ്രവർത്തിപ്പിക്കാൻ തകർന്ന വൈദ്യുതി ബന്ധം പുനസ്ഥാപിച്ചാൽ മതിയെന്നിരിക്കെ അതിനുപോലും അധികൃതർ തയ്യാറാവാത്ത സ്ഥിതിയാണ്. പദ്ധതി പ്രദേശത്ത് നിറയെ ജലശേഖരമുള്ളതിനാൽ അറ്റകുറ്റപ്പണി നടത്തിയാൽ ആവശ്യത്തിന് വെള്ളം പമ്പ് ചെയ്ത് കുടിവെള്ളമെത്തിക്കാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു.

പ്രവർത്തന രഹിതമായ മേച്ചിരാത്തുകുന്ന് കുടിവെള്ള പദ്ധതി