പട്ടാമ്പി: വേനൽ ചൂട് കൂടുന്ന സാഹചര്യത്തിൽ മാളങ്ങൾ വിട്ട് തണുപ്പുതേടി പുറത്തിറങ്ങുന്ന പാമ്പുകളെ ശ്രദ്ധിക്കണം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വീടുകളിൽ നിന്ന് നിരവധി പാമ്പുകളെയാണ് ജില്ലയിൽ പലയിടത്തായി കണ്ടെത്തിയത്. തണുപ്പുതേടി വിറകുപുരയിലും ചായ്പ്പിലും ഉണങ്ങി വീണ ഇലകൾക്കടിയിലും പാമ്പുകൾ കിടക്കുന്നത് പതിവാണ്.
ചൂടുകാലത്ത് പാമ്പുകൾ മാളങ്ങൾ ഉപേക്ഷിച്ച് മനുഷ്യവാസ കേന്ദ്രങ്ങളിൽ എത്തിപ്പെടാൻ സാദ്ധ്യത കൂടുതലാണ്. ഇത്തരം സന്ദർഭങ്ങളിൽ പാമ്പിന്റെ കടിയേറ്റാൽ വ്യക്തിയെ നടക്കാനോ ഓടാനോ അനുവദിക്കുകയോ വെള്ളമോ ഭക്ഷണമോ കൊടുക്കുകയോ ചെയ്യരുത്. കടിയേറ്റ വ്യക്തിയെ ഭയപ്പെടുത്താതിരിക്കുക. കത്തി, ബ്ലയ്ഡ് പോലുള്ള മൂർച്ചയുള്ള വസ്തുക്കൾ ഉപയോഗിച്ച് മുറിവ് കീറി മുറിക്കരുത്, ഈ ഭാഗം വെള്ളം ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കുക. പെട്ടെന്ന് തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുക.
വീടിനുള്ളിലോ കിണറുകളിലോ വിറകുപുരകൾക്കുള്ളിലോ പാമ്പുകൾ അകപ്പെട്ടാൽ ഉടൻ വനം വകുപ്പ് ഉദ്യോഗസ്ഥരെയോ പാമ്പ് പിടുത്തക്കാരെയോ വിവരം അറിയിക്കണം.