വടക്കഞ്ചേരി: മകന്റെ അനുസരണക്കേടിൽ മനംനൊന്ത് അമ്മ വിഷയില കഴിച്ച് ജീവനൊടുക്കി. വള്ളിയോട് പൂക്കാട് ബാബുവിന്റെ ഭാര്യ സ്വപ്നയാണ് (37) മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
വിഷം കഴിച്ച സ്വപ്ന വിവരം ബംഗളൂരുവിൽ ജോലിയുള്ള മൂത്ത മകൻ സിബിനെ വിളിച്ചറിയിച്ചു. ഉടൻ മകൻ അയൽവാസികൾക്ക് വിവരം നൽകി. ആലത്തൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇളയ മകന്റെ അനുസരണയില്ലാത്ത സ്വഭാവത്തിൽ ഇടയ്ക്കിടെ വഴക്കുണ്ടാകാറുള്ളതായി പൊലീസ് പറഞ്ഞു.
ഇത്തരത്തിൽ തിങ്കളാഴ്ച ഉച്ചയ്ക്കും വഴക്കുണ്ടായി. വഴക്ക് മൂത്ത് 17 വയസുള്ള മകൻ വീട്ടുസാധനങ്ങൾ നശിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇതിനെത്തുടർന്നാണ് സ്വപ്ന മനോവിഷമത്തിൽ രാത്രിയോടെ വിഷയില കഴിച്ചത്. ഭർത്താവ് ബാബു ഹോട്ടൽ ജോലിയുമായി തൃശൂർ പട്ടിക്കാടായിരുന്നു. വടക്കഞ്ചേരി പൊലീസ് മേൽനടപടി സ്വീകരിച്ചു.