ഷൊർണൂർ: ഗണേഷ്ഗിരി പമ്പ് ഹൗസ് റോഡിൽ അരികുഭിത്തി തകർന്ന ഓവുപാലത്തിന് മുകളിൽ കൂടിയുള്ള വാഹന യാത്ര അപകട ഭീഷണി ഉയർത്തുന്നു. കരിങ്കൽ ചീളുകളാണ് ഓവുപാലത്തിന് മുകളിലെ റോഡിലെ അപകടത്തിന് പ്രധാന കാരണം.
റോഡിന്റെ പടിഞ്ഞാറ് ഭാഗത്തെ ഓവുപാലത്തിന്റെ അരികുഭിത്തി വാഹനങ്ങൾ തോടിലേക്ക് മറിയും വിധം ഇടിഞ്ഞ് തകർന്നിരിക്കുകയാണ്. കരിങ്കൽ ചീളുകൾക്ക് മുകളിലൂടെ വരുന്ന ഇരുചക്ര വാഹനങ്ങൾ തോട്ടിലേക്ക് തെന്നിമറിയുന്നതും പതിവാകുന്നു.
ബൈക്കിൽ വരുന്നവർക്ക് കാൽകുത്താൻ പോലും സാധിക്കാത്ത വിധം ചരിവുള്ള ഭാഗത്ത് ഇടയ്ക്കിടെ സ്ത്രീകളുടെ ഇരുചക്ര വാഹനങ്ങളാണ് തെന്നി മറിയുന്നത്. പമ്പ് ഹൗസ് റോസ് റെയിൽവേയുടെ അധീനതയിലുള്ളതാണ്. റെയിൽവേയുടെ മറ്റു റോഡുകളെല്ലാം കോൺക്രീറ്റ് നിർമ്മിതമാണ്.
എന്നാൽ 30 വർഷത്തിലധികമായി പമ്പ് ഹൗസ് റോഡിന് ടാറിടാൻ പോലും റെയിൽവേ തയ്യാറായിട്ടില്ല.
ഗണേഷ്ഗിരി സ്‌കൂളിലേക്കുള്ള പ്രധാന റോഡണിത്. ദിനംപ്രതി നൂറ് കണക്കിന് വാഹനങ്ങളാണ് റോഡിൽ കൂടി പോകുന്നത്. പമ്പ് ഹൗസ് റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് റെയിൽവേ തൊഴിലാളി യൂണിയനുകൾ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ല. പ്രളയത്തെ തുടർന്ന് വെള്ളത്തിന്റെ കുത്തൊഴുക്കിലാണ് റോഡ് പൂർണമായും ഗതാഗത യോഗ്യമല്ലാതായത്.