mb-rajesh
രാജേഷ് തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ

'പൊന്നരിവാളിൻ ചുറ്റിക നക്ഷത്രം

ഇതാ നോക്കൂ...."

പ്രായം തളർത്താത്ത ആവേശത്തോടെ ബാപ്പുട്ടിക്ക പാടി. കേരളശ്ശേരിയിലെ തടുക്കശ്ശേരി വലിയപറമ്പിൽ വച്ചാണ് കെ.എസ്.ബാപ്പുട്ടി എന്ന ബാപ്പുട്ടിക്ക എം.ബി.രാജേഷിനെ കാണാനെത്തിയത്. സുഖാന്വേഷണങ്ങൾക്ക് ശേഷം ബാപ്പുട്ടിക്ക നന്നായി പാട്ടുപാടുമെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞപ്പോഴാണ് രാജേഷിന്റെ ആവശ്യപ്രകാരം ബാപ്പുട്ടിക്ക ആ പഴയ ഗാനം പാടിയത്. 1967ൽ ഇമ്പിച്ചിബാവയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പാടിയതാണ് ആ പാട്ട്. പാട്ട് കേട്ടുനിന്നവരെയെല്ലാം പഴയകാലത്തേക്ക് ബാപ്പുട്ടിക്ക കൂട്ടിക്കൊണ്ടുപോയി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ മലയാളി പ്രസിഡന്റായിരുന്ന ചേറ്റൂർ ശങ്കരൻനായരുടെ മങ്കര താവളത്തെ തറവാട്ടിൽ നിന്നാണ് ഇന്നലത്തെ പ്രചരണം ആരംഭിച്ചത്. റിസർവ് ബാങ്ക് ഉദ്യോഗസ്ഥനായ കൃഷ്ണൻകുട്ടിയാണ് ഈ തലമുറയിൽ ഇപ്പോൾ അവിടെ താമസിക്കുന്നത്. ചേറ്റൂർ കുടുംബാംഗമായിരുന്ന അനൂപ് വിക്ടോറിയ കോളേജിലെ എസ്.എഫ്.ഐ.നേതാവായിരുന്ന കാലം മുതൽ ആ കുടുംബവുമായി രാജേഷിന് അടുത്ത ബന്ധമാണുള്ളത്. പിന്നീട് പ്രശസ്ത സംഗീതജ്ഞനായ മണ്ണൂർ രാജകുമാരനുണ്ണിയുടെ വീട്ടിലേക്കാണ് പോയത്. തുടർന്ന് കഥകളി കലാകാരനും ശിൽപിയുമായ സദനം ഹരികുമാറിനെയും സന്ദർശിച്ച ശേഷം മലയാളികളുടെ പ്രിയപ്പെട്ട ഒടുവിൽ ഉണ്ണികൃഷ്ണന്റെ കേരളശ്ശേരിയിലെ 'നീലാഞ്ജന' ത്തിലേക്ക്. അവിടെയെത്തി ഒടുവിലിന്റെ ഭാര്യ പത്മജയെ കണ്ടു. ദീർഘകാലം കേരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.എസ്.മന്നാടിയാരെയും സന്ദർശിച്ച ശേഷം കാഞ്ഞിരപ്പുഴയിലെത്തി. വഴിയരികിൽ കാത്തു നിന്നവരോട് വോട്ടഭ്യർത്ഥിക്കവെ പ്രായത്തെ കൂസാതെ ഒരാൾ ധൃതിയിൽ രാജേഷിനടുത്തേക്കെത്തി. 'ജീവിതത്തിൽ ആദ്യമായി ചുറ്റിക അരിവാൾ നക്ഷത്രത്തിന് ഞാൻ ഇത്തവണ വോട്ടു ചെയ്യും. തന്റെ വീട്ടു മുറ്റത്ത് പെൻഷൻ എത്തിച്ചതിന് ഈ സർക്കാരിനോട് എനിക്ക് അത്ര കടപ്പാടുണ്ട്'. മുണ്ടക്കുന്നിൽ വക്കച്ചൻ പറഞ്ഞു നിർത്തി. വക്കച്ചനോട് നന്ദി പറഞ്ഞ ശേഷംതച്ചമ്പാറ, കാരാകുറുശ്ശി, കരിമ്പ, കോങ്ങാട് എന്നിവിടങ്ങളിലും എം.ബി.രാജേഷ് പര്യടനം പൂർത്തിയാക്കി. മലമ്പുഴ മണ്ഡലത്തിലാണ് എം.ബി.രാജേഷിന്റെ ഇന്നത്തെ പര്യടനം.