cpm

ചെർപ്പുളശേരി:സി.പി.എം ചെർപ്പുളശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ വച്ച് വിദ്യാർത്ഥി സംഘടനാ പ്രവർത്തകന്റെ പീഡനത്തിനിരയായി

അതേ സംഘടനയിൽ അംഗമായിരുന്ന യുവതി പ്രസവിച്ചെന്ന പരാതി തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കവേ പാർട്ടിയെ പ്രതിരോധത്തിലാക്കി. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവാദമായതോടെ പാലക്കാട്ടെ സി.പി.എം നേതൃത്വം പ്രതിരോധത്തിലായി.

മണ്ണൂർ നഗരിപുരത്തെ സ്വകാര്യ വ്യക്തിയുടെ വീടിന് പിന്നിൽ നിന്ന് 16ന് ഉച്ചയ്ക്ക് ഒന്നിന് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതാണ് പീഡന വിവാദത്തിലേക്ക് വഴി വച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുഞ്ഞിന്റെ അമ്മയായ 20കാരിയെ കണ്ടെത്തി. വീട്ടിലെത്തി കുടുംബാംഗങ്ങളെ ഉൾപ്പെടെ ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.

കഴിഞ്ഞ വർഷം ജൂണിൽ ചെർപ്പുളശേരിയിലെ സ്വകാര്യ കോളേജിൽ പഠിക്കുന്ന സമയത്ത് മാഗസിൻ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചയ്‌ക്ക് പാർട്ടി ഓഫീസിലെ മുറിയിലെത്തിയപ്പോൾ മയക്കുമരുന്ന് ചേർത്ത നാരങ്ങാവെള്ളം നൽകി പീഡിപ്പിച്ചെന്ന് യുവതി മൊഴി നൽകിയതായാണ് സൂചന. അന്ന് ചെർപ്പുളശേരിയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു യുവതിയും കുടുംബവും.

സ്ഥലത്തെ വർക്ക് ഷോപ്പ് തൊഴിലാളിയായ യുവാവിനെ ചോദ്യം ചെയ്തതിൽ യുവതിയുടെ വീട്ടിൽ പോകാറുണ്ടായിരുന്നെന്നും അവിടെ വച്ചാണ് സംഭവം നടന്നതെന്നും പൊലീസിനോട് പറഞ്ഞതായാണ് അറിയുന്നത്. യുവാവിന് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നാണ് പൊലീസ് ഭാഷ്യം. മൊഴിയിലെ വൈരുദ്ധ്യം കാരണം ഇരുവരും പറയുന്നത് പൂർണമായും വിശ്വാസ്യമല്ലെന്നും വീണ്ടും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ യുവതിക്കെതിരെ മങ്കര പൊലീസ് ജാമ്യമില്ലാ വകുപ്പിൽ കേസെടുത്തിട്ടുണ്ട്.

ഗൂഡാലോചനയെന്ന് സി.പി.എം

പാർട്ടി ഓഫീസിൽ ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് സി.പി.എം ഏരിയാ സെക്രട്ടറി കെ.ബി.സുഭാഷ് പറഞ്ഞു. ഇതിന്റെ പേരിൽ സി.പി.എമ്മിനെതിരെ നടക്കുന്ന പ്രചാരണം ദുരുപദിഷ്ടവും രാഷ്ടീയ പ്രേരിതവുമാണ്. ആരോപണ വിധേയനായ യുവാവിന് പാർട്ടിയുമായോ പോഷക സംഘടനകളുമായോ ബന്ധമില്ല. രാവിലെ എട്ടുമുതൽ രാത്രി പത്തുവരെ സജീവമായ ഓഫീസിൽ പീഡനം നടന്നെന്ന പരാതി വിശ്വാസ യോഗ്യമല്ല. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സി.പി.എമ്മിനെ കരിതേക്കാനുള്ള ആസൂത്രിതമായ നീക്കമാണിത്. പൊലീസ് ഇരയ്ക്ക് നീതി ലഭ്യമാക്കണമെന്നും കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.