നെന്മാറ: വളക്കൂറുള്ള നിലത്ത് നെൽകൃഷി ചെയ്തപ്പോൾ വിളവ് കൂടിയത് വിനയായോ എന്ന സംശയത്തിലാണ് കർഷകർ. പാടത്ത് രണ്ടുവട്ടം പച്ചക്കറി കൃഷിക്ക് ശേഷം രണ്ടാം വിളയിറക്കിയപ്പോൾ നൂറുമേനി വിളവായിരുന്നു ഫലം. പക്ഷേ സപ്ലൈകോ അധികൃതർ ഈ അധിക നെല്ല് അളക്കാൻ തയാറാകുന്നില്ലെന്നതാണ് കർഷകരുടെ പരാതി.
ഒരു ഏക്കറിൽ നിന്ന് പരമാവധി 2.200 ടൺ നെല്ല് മാത്രമേ അളക്കാൻ വ്യവസ്ഥയുള്ളൂ. കൂടുതൽ അളക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി ഭവനിൽ അപേക്ഷ സമർപ്പിച്ചാൽ 2.5 ടൺ വരെ അളക്കും. എന്നാൽ പച്ചക്കറി കൃഷിക്ക് പേരുകേട്ട വിത്തനശേരി, എലന്തക്കുളമ്പ് തുടങ്ങിയ പ്രദേശത്തെ ചെറുകിട കർഷകർക്ക് മൂന്ന് ടണ്ണും അതിനു മുകളിലും വിളവ് ലഭിച്ചു.
നെല്ലെടുക്കാനെത്തുന്ന അധികൃതർ 2.5 ടൺ എടുക്കുന്നത് സർക്കാർ നിരക്കിലാണെങ്കിൽ ശേഷിക്കുന്ന നെല്ല് പൊതുവിപണിക്ക് തുല്യമായ 17-18 രൂപയ്ക്ക് കൊടുക്കേണ്ട അവസ്ഥയാണ്. ഇതോടെ ഉല്പാദിപ്പിച്ച മുഴുവൻ നെല്ലിനും ന്യായവില കിട്ടുന്നില്ല. വേനലായതിനാൽ നല്ല പോലെ ഉണക്കിയെടുക്കുന്ന മികച്ച ഇനം നെല്ല് നഷ്ടത്തിൽ കൊടുക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കണമെന്നും മൂന്ന് ടൺ നെല്ലെങ്കിലും താങ്ങുവിലയ്‌ക്കെടുക്കാൻ അധികൃതർ തയാറാകണമെന്നും കർഷകർ ആവശ്യപ്പെടുന്നു.