കൊല്ലങ്കോട്: ആലമ്പളം ചപ്പാത്ത് പുഴപ്പാലം വീണ്ടും തകർന്നു. കഴിഞ്ഞ ആഗസ്റ്റിൽ പ്രളയത്തിൽ തകർന്ന പാലം പൊലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ക്വാറി വേസ്റ്റിട്ട് നവീകരിച്ചിരുന്നു. എട്ടുമാസത്തിന് ശേഷം പാലത്തിൽ വീണ്ടും ഗർത്തം രൂപപ്പെട്ടതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് പാലത്തിന്റെ മുകൾഭാഗം വീണ്ടും പൊട്ടിപൊളിഞ്ഞത്. പൊതുമരാമത്ത് വകുപ്പോ ബന്ധപ്പെട്ട ജനപ്രതിനിധികളോ വിഷയത്തിൽ ഇടപെടുന്നില്ലെന്ന വ്യാപക പരാതിയുണ്ട്. എന്നാൽ, റോഡ് നവീകരണത്തിനായി പ്രത്യേക ഫണ്ട് നീക്കിവെച്ചിട്ടും ഇ-ടെൻഡർ നടപടികൾ പൂർത്തിയാക്കാനോ കരാറെടുക്കാനോ ആരും വരാത്തതാണ് പണികൾ നീണ്ടും പോകാൻ കാരണമെന്ന് കെ.ബാബു എം.എൽ.എ പറയുന്നു. പാലത്തിന്റെ താഴ്ന്ന ഭാഗത്തിൽ കോറിവേഴ്സ്റ്റ് ഇട്ട് അടച്ചാൽ പ്രശ്നത്തിന് താൽക്കാലിക പരിഹാരമാകും.പക്ഷേ, കൊല്ലങ്കോട് - വടവന്നൂർ പഞ്ചായത്തുകൾ തമ്മിൽ പാലത്തിന്റെ അവകാശവാദത്തെ കുറിച്ച് തർക്കവും നടക്കുന്നതാണ് നിലവിലെ പ്രതിസന്ധി.

എലവഞ്ചേരി, നെന്മാറ, പല്ലശ്ശേന പ്രദേശത്ത് നിന്നും കൊല്ലങ്കോട് നഗരത്തിലെത്താതെ ഊട്ടറ വഴി പുതുനഗരം, ചിറ്റൂർ, കൊടുവായൂർ, പെരുവെമ്പ്, പാലക്കാട്, വണ്ടിത്താവളം എന്നിവിടങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴിയാണ് ആലമ്പള്ളം - ഊട്ടറ പാത. കൂടാതെ കൊല്ലങ്കോട് ഗതാഗത കുരുക്ക് അനുഭവപ്പെടുമ്പോൾ വാഹനങ്ങളെ വഴിതിരിച്ചുവിടുന്നതും ഇതിലൂടെയാണ്. അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം.

ആലമ്പള്ളം പാലത്തിൽ രൂപപ്പെട്ട ഗർത്തം