വടക്കഞ്ചേരി: പീച്ചി - വാഴാനി വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലെ പോത്തുചാടി മുതൽ ഒളകര വരെയുള്ള അഞ്ചു കിലോമീറ്റർ സോളാർ വൈദ്യുത കമ്പിവേലി സ്ഥാപിക്കും. ഇതിനായി വനംമന്ത്രി കെ.രാജു 10 ലക്ഷം രൂപയുടെ ഫണ്ട് അനുവദിച്ചതായും നിർമ്മാണം ഉടൻ തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.
പോത്തുചാടി മുതൽ ഒളകര വരെ വനാതിർത്തിയിലുള്ള 18 പേരുടെ കൃഷിയിടങ്ങളിലൂടെയാണ് ഫെൻസിങ് നടത്തുക. ഇതിന് സമ്മതമറിയിച്ച് ഉടമകൾ ഒപ്പിട്ട പേപ്പറുകൾ വനംവകുപ്പിന് കൈമാറി. സാങ്കേതിക തടസങ്ങൾ ഇല്ലാത്തതിനാൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഉടൻ നിർമാണം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പനംകുറ്റി ജനകീയ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
കിഴക്കഞ്ചേരി പഞ്ചായത്തിലെ പാലക്കുഴിയിൽ വനംവകുപ്പിന്റെ കെട്ടിടത്തിന് മുകൾഭാഗത്ത് 800 മീറ്ററോളം സോളാർ ഫെൻസിങ് നടത്തിയിരുന്നത് പൂർണമായും കേടായെന്നും ഇത് പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായക്ക് അംഗം കെ.മഞ്ജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ വനംവകുപ്പിന് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
പോത്തുചാടി മുതൽ ഒളകര വരെ ഫെൻസിങ് വരുന്നതിനാൽ ഒളകരയിൽ നിന്ന് പുല്ലംപരുത വഴി താണിച്ചോട് വരെ വനാതിർത്തിയിൽ പുതിയതായി ഫെൻസിങ് നടത്തിയാൽ പാലക്കുഴി റോഡിൽ ഉൾപെടെ ആനയും പുലിയും വരുന്നത് തടയാമെന്നും ഇതിന് ഉടൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഫെൻസിങ് ചെയ്യുമ്പോൾ ആന, പുലി, മാൻ, പന്നി എന്നിവയിൽ നിന്ന് സംരക്ഷണം ലഭിക്കും വിധം ഇലക്ട്രിക് കേബിളുകൾ സ്ഥാപിക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. പീച്ചി വൈൽഡ് ലൈഫ് അധികൃതരും പീച്ചി റേഞ്ച് ഫോറസ്റ്റ് അധികൃതരും കർഷകരുടെ ആവശ്യം അംഗീകരിച്ചിട്ടുണ്ട്. ഫണ്ട് ലഭിക്കുന്ന മുറക്ക് ഇവ പൂർത്തിയാക്കും. ഇതിന് സർക്കാർ തലത്തിലുള്ള അടിയന്തര നടപടിയാണ് ആവശ്യം. ഇതിനായി കർഷകർ സംഘടിച്ച് അധികൃതർക്ക് നിവേദനവും നൽകിയിരുന്നു. തുടർ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് കർഷകർ പറഞ്ഞു.