പാലക്കാട്: ജില്ലയിൽ ഇന്നലെയും കൂടിയ താപനില മുണ്ടൂർ ഐ.ആർ.ടി.സിയിൽ 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. 26 ഡിഗ്രിയാണ് കുറഞ്ഞ താപനില. ആർദ്രത 36 ശതമാനം. വെള്ളിയാഴ്ച 39 ഡിഗ്രി രേഖപ്പെടുത്തിയ മലമ്പുഴയിൽ ഇന്നലെ 39.1 ഡിഗ്രിയാണ് ഉയർന്ന ചൂട്. കുറഞ്ഞ താപനില 24.7 ഡിഗ്രിയും ആർദ്രത 40 ശതമാനവും രേഖപ്പെടുത്തി. 36.4 ഡിഗ്രിയാണ് പട്ടാമ്പിയിലെ ഉയർന്ന താപനില. കുറഞ്ഞ താപനില 22 ഡിഗ്രിയും. രാവിലെ 88 ശതമാനവും വൈകുന്നേരം 39 ശതമാനവുമായിരുന്നു ആർദ്രത.
രണ്ട്, നാല്, 12, 13, 14, 16, 17, 18, 22, 23 എന്നിങ്ങനെ തീയതികളിലായി ഈ മാസം ഇതുവരെ 10 തവണയാണ് ചൂട് 40 ഡിഗ്രിയിൽ എത്തിയത്. 15ന് സീസണിൽ ആദ്യമായി 41 ഡിഗ്രിയും രേഖപ്പെടുത്തി. വേനൽമഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി ഇനിയും രൂക്ഷമാകും. കനത്ത ചൂടിനെത്തുടർന്ന് കൊല്ലങ്കോട് പയ്യലൂരിൽ കഴിഞ്ഞ ദിവസം ഒരു കറവപ്പശു ചത്തിരുന്നു. മാതക്കോടിൽ രതീഷിന്റെ പശുവാണ് ചത്തത്. രാത്രി തൊഴുത്തിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.
അതേസമയം പാലക്കാട് ഉൾപ്പെടെയുള്ള ചില ജില്ലകളിൽ വരുംദിവസങ്ങളിൽ ചൂട് ശരാശരിയിലും നാലു ഡിഗ്രി വരെ കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 24, 25, 26 തീയതികളിൽ ജില്ലയിൽ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ചൂട് ഉയരാം. ചൂട് വർധിക്കാൻ സാധ്യതയുള്ളതിനാൽ അത്തരം പ്രദേശങ്ങളിലെ അംഗൻവാടികളുടെ പ്രവർത്തന സമയവും ക്രമീകരിച്ചിട്ടുണ്ട്.