പാലക്കാട് : ചെർപ്പുളശ്ശേരി പീഡക്കേസിൽ ഇന്നലെ അറസ്റ്റിലായ തട്ടാരുത്തൊടി പ്രകാശനെ (29) ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്‌ക്ക് ശേഷം ഡി.എൻ.എ പരിശോധനയ്‌ക്ക് വിധേയനാക്കി. ഇന്നലെ വൈകിട്ടാണ് സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കസ്റ്റഡിയിലുണ്ടായിരുന്ന പ്രകാശന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിൽ പീഡനത്തിനിരയായെന്ന പരാതി നൽകിയ യുവതിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം പാലക്കാട് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. മൊഴിയുടെ വസ്‌തുതാ പരിശോധനാ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കസ്റ്റഡിലുണ്ടായിരുന്ന പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പ്രതിയെ ഇന്ന് ഒറ്റപ്പാലം ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിൽ താൻ പാർട്ടി ഓഫീസിൽ ചെന്നിട്ടില്ലെന്നും സമൂഹമാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയുമായി അടുപ്പമുണ്ടായിരുന്നതായും പലതവണ ഇവർ താമസിക്കുന്ന വാടക വീട്ടിൽ ചെന്നിട്ടുണ്ടെന്നും പ്രകാശൻ പൊലീസിനോട് പറഞ്ഞു. അതേസമയം യുവതി നൽകിയ മൊഴിയിലെ വൈരുദ്ധ്യമാണ് അന്വേഷണ സംഘത്തെ വലയ്‌ക്കുന്നത്. സി.പി.എം പാർട്ടി ഓഫീസിൽ വച്ച് പിഡീപ്പിച്ചെന്ന് ആദ്യം മൊഴികൊടുത്ത യുവതി പിന്നീട് എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ ഓഫീസിൽ വച്ചാണ് സംഭവം നടന്നതെന്ന് മാറ്റിപ്പറഞ്ഞെന്നാണ് അറിയുന്നത്. ഇതു സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവ സ്ഥലം സംബന്ധിച്ച് കൂടുതൽ തെളിവുകളും ശേഖരിക്കേണ്ടതുണ്ട്. അതിനായി ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യണമെന്നും പൊലീസ് വ്യക്തമാക്കി.