പാലക്കാട്: വഴിയോരത്തെ തണൽമരം മുറിച്ചതിനെതിരെ നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പ്രതിഷേധം. തണൽ മരം പദ്ധതിയിൽ ഉൾപ്പെടുത്തി വനം വകുപ്പും പുനർജ്ജനി സംഘടനയും മാട്ടുമന്തയിൽ നട്ടുപിടിപ്പിച്ച പത്ത് വർഷത്തോളം പഴക്കമുള്ള മരമാണ് സാമൂഹ്യവിരുദ്ധർ ആസിഡ് ഒഴിച്ചും തീയിട്ടും നശിപ്പിച്ചത്. ചില മരങ്ങൾ മുറിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെയാണ് സംഭവം. മരത്തിന്റെ ഒരു ശാഖ മുറിച്ചിട്ട നിലയിലും മറ്റൊരു ശാഖ കരിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പ്രദേശവാസികൾ പ്രതിഷേധിച്ചു.
പാതയോരത്തെ മരങ്ങൾ മുറിച്ച് കടത്തുന്നതിന്റെ ഭാഗമായാണ് തീ വെച്ച് നശിപ്പിച്ചതെന്ന് സംശയിക്കുന്നു. മരം നശിപ്പിച്ചവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പുനർജ്ജനി പ്രസിഡന്റ് ദീപം സുരേഷ്, സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ എന്നിവർ വനം വകുപ്പിനും പൊലീസിനും പരാതി നൽകി. പരാതിയെ തുടർന്ന് നോർത്ത് പൊലീസ് കേസെടുത്തു.
തണലിനൊപ്പം ധാരാളം പക്ഷികൾക്കും കൂടൊരുക്കിയിരുന്ന മരങ്ങളാണ് മുറിച്ചുമാറ്റിയത്. ദിനംപ്രതി ക്രമാതീതമായി കുടുന്ന ചൂടിൽ ജില്ല ഉരുകുമ്പോൾ തണൽമരങ്ങൾ നശിപ്പിക്കുന്നത് വേനലിന്റെ കാഠിന്യം വർധിക്കുന്നതിന് ഇടയാക്കും. മരം വെച്ചുപിടിപ്പിക്കേണ്ടതിന്റെയും പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെ കുറിച്ച് ബോധവത്ക്കരണ പരിപാടികളുൾപ്പെടെ നടക്കുമ്പോഴാണ് ഇത്തരം പ്രവൃത്തി. ലോക കാലാവസ്ഥാ ദിനത്തിലാണ് സംഭവമെന്നതും ശ്രദ്ധേയമാണ്.