ചെർപ്പുളശ്ശേരി: യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ സമഗ്രമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്ന് സി.പി.എം ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി വാർത്താ കുറിപ്പിലൂടെ ആവശ്യപ്പട്ടു.
പാർട്ടി ഓഫീസിൽ പീഡനം എന്ന തരത്തിൽ വിവിധ മാധ്യമങ്ങളിൽ സി.പി.എമ്മിനെ അപകീർത്തിപ്പെടുത്തുന്ന വാർത്തകളാണ് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത കാര്യങ്ങളിൽ ഭൂരിഭാഗവും വസ്തുതയില്ലാത്തതാണെന്ന് തെളിഞ്ഞുകഴിഞ്ഞു. എന്നിട്ടും ചിലർ സി.പി.എമ്മിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തുടരുന്നുണ്ട്. ഇതു നിന്ദ്യവും അപലപനീയവുമാണ്.
പ്രതിയെന്ന് ആരോപിക്കപ്പെട്ട യുവാവ് സി.പി.എം അനുഭാവിയാണ് എന്ന പ്രചാരണമാണ് നടത്തിയിരിക്കുന്നത്. ഇതു ശരിയല്ല. പെൺകുട്ടി കോളേജ് മാഗസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഓഫീസിൽ വന്നപ്പോഴാണ് സംഭവമെന്ന ആക്ഷേപവും ശരിയല്ല. കോളേജ് മാഗസിൻ കമ്മിറ്റിയിൽ പെൺകുട്ടി അംഗമല്ലെന്നും ഈ സംഭവം നടക്കുന്നതിനു മുമ്പു തന്നെ മാഗസിൻ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു എന്നും ഇപ്പോൾ വ്യക്തമായി കഴിഞ്ഞു. മാത്രമല്ല തനിക്ക് ഈ പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു എന്നും പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും യുവാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഒരു പാർട്ടിയുമായും തനിക്ക് ബന്ധമില്ല എന്ന് പ്രതിയായ യുവാവ് മൊഴി നൽകിയയാണ് അറിയുന്നത്. പ്രചരിപ്പിക്കപ്പെട്ട കള്ളങ്ങളെല്ലാം പൊളിഞ്ഞതിനു ശേഷവും ചില മാധ്യമങ്ങൾ കള്ളപ്രചാരണം തുടരുകയാണ്. ഇതിനു പിന്നിൽ ചില അജണ്ടകളുണ്ട്.
ഇല്ലാത്ത കാര്യങ്ങൾ ഒരു പാർടിക്കെതിരെ ഉയർത്തുന്നത് ശരിയല്ല, കുറ്റകരമാണ്. പാർലമെന്റ് തെരഞ്ഞെടുപ്പ് സന്ദർഭത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം അട്ടിമറിക്കുന്നതിനു വേണ്ടിയുള്ള ഒരു ഗൂഡാലോചന ഇക്കാര്യത്തിലുണ്ടായിട്ടുണ്ട് എന്ന് പാർട്ടി ന്യായമായും സംശയിക്കുന്നു. അതിനാലാണ് പരാതി സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി ഗൂഡാലോചന പുറത്തു കൊൺണ്ടുവരണമെന്നു ആവർത്തിച്ച് ആവശ്യപ്പെടുന്നതെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.