ചെർപ്പുളശേരി: സമാധാന സന്ദേശവുമായി ജി.എച്ച്.എസ്.എസ് മൈതാനത്തോട് ചേർന്നുപണിത വാൾ ഒഫ് പീസ് മതിൽ മേയിൽ നാടിന് സമർപ്പിക്കും. സ്‌കൂൾ മൈതാനത്തോട് ചേർന്ന് ആൽമരങ്ങൾക്ക് താഴെയുള്ള മതിലാണ് ചരിത്ര മതിലായി മാറുന്നത്. 14 പാനലുകളിലായി 700 അടി നീളത്തിലും പത്തടി വീതിയിലുമാണ് ചെർപ്പുളശേരിയുടെ ചരിത്രവും സംസ്‌കാരവുമെല്ലാം ചുമർചിത്രങ്ങളായി ആലേഖനം ചെയ്തത്.
ശാന്തി അഥവാ സമാധാനം എന്നർത്ഥം വരുന്ന വാക്ക് 250തോളം ഭാഷകളിൽ മതിലിൽ കൊത്തിയിരിക്കുന്നു. പ്രശസ്ത ചിത്രകാരനായ സുരേഷ് കെ.നായരുടെ നേതൃത്വത്തിൽ മൂന്നുമാസം കൊണ്ടാണ് സൃഷ്ടി പൂർത്തീകരിച്ചത്. ഇതിൽ 12 ദിവസം ചിത്രപണികൾക്കും പത്തുദിവസം ചായം പൂശാനും വേണ്ടി വന്നു.
11 ലക്ഷം രൂപ ചിലവിലാണ് നിർമ്മാണം. മതിലിന്റെ സംരക്ഷണം ഉൾപ്പടെ അവശേഷിക്കുന്ന പ്രവൃത്തി കൂടി പൂർത്തിയാക്കി മേയിൽ നാടിന് സമർപ്പിക്കാനാണ് തീരുമാനം. മതിലിന്റെ ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ കൊണ്ടുവരണമെന്നാണ് ആഗ്രഹമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ കെ.ജെ.ജോസ് പറഞ്ഞു.
ചരിത്ര മതിലിന്റെ സമർപ്പണം ഉത്സവാന്തരീക്ഷത്തിൽ നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനകം തന്നെ വിദേശത്ത് നിന്നുള്ളവർ ഉൾപ്പടെ നിരവധി പ്രമുഖർ മതിൽ സന്ദർശിച്ചിരുന്നു. ടൂറിസം ഭൂപടത്തിലും ഇത് ചെർപ്പുളശേരിക്ക് ഇടം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.