പാലക്കാട്: നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിൽ നഗരപരിധിയിലെ നാലു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഇന്നലെ രാവിലെ ഏഴിന് നടത്തിയ പരിശോധനയിലാണ് വിവിധ ഹോട്ടലുകളിൽ നിന്നായി മൂന്ന് ദിവസത്തിലധികം പഴക്കമുള്ള ഭക്ഷണങ്ങൾ പിടികൂടിയത്.
സ്റ്റേഡിയം സ്റ്റാന്റിന് സമീപത്തുള്ള മലബാർ ഹോട്ടൽ, സ്‌റ്റേഡിയം ബൈപാസ് റോഡിലുള്ള ഫ്ലവേഴ്‌സ്, നൂർജഹാൻ ഓപ്പൺ ഗ്രിൽ, അറേബിയൻ ഗ്രിൽ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് ഭക്ഷണം പിടിച്ചെടുത്തത്. പഴകിയ ബീഫ്, ചിക്കൻ, സാമ്പാർ, എണ്ണ, പച്ചക്കറികൾ, ദിവസങ്ങളോളം ഫീസറിൽ സൂക്ഷിച്ച വിവിധ മാവുകൾ എന്നിവയാണ് പിടികൂടിയത്. സംഭവത്തെ തുടർന്ന് ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ വേലായുധൻ, അനിൽ കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രഭുദേവ്, സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
* പ്രത്യേക സ്‌ക്വാഡ് പരിശോധന തുടരും
നോട്ടീസ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്കെതിരെ ശക്തമായ നടപടിയെടുക്കും. വേനൽകാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ നഗരപരിധിയിലുള്ള ഹോട്ടൽ, കൂൾബാർ തുടങ്ങിയ സ്ഥാപനങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കും. ഇതിനായി ആരോഗ്യവിഭാഗത്തിന്റെ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്ന് ദിവസം സ്‌ക്വാഡിന്റെ പരിശോധന നടക്കും. വേനൽക്കാല രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലായി ജനങ്ങൾ പരമാവധി പുറത്തു നിന്നുള്ള ശീതളപാനീയങ്ങൾ, ഭക്ഷണം എന്നിവ കഴിക്കുന്നത് കുറയ്ക്കണം.
മണി കണ്ണൻ, ഹെൽത്ത് സൂപ്പർവൈസർ, പാലക്കാട് നഗരസഭ