* ഇന്നലത്തെ ജലനിരപ്പ് 102.35 മീറ്റർ
പാലക്കാട്: തിളച്ചുമറിയുന്ന വേനൽചൂടിൽ മലമ്പുഴ ഡാമിലെ ജലനിരപ്പും കുറയുന്നു. നിലവിൽ കുടിവെള്ളത്തിന് മാത്രമാണ് ഡാമിലെ വെള്ളം വിനിയോഗിക്കുന്നത്. 102.35 മീറ്ററാണ് ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേസമയം 102.79 മീറ്ററായിരുന്നു. 115.06 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.
ഒരു മാസം കുടിവെള്ളത്തിന് മാത്രമായി രണ്ട് എം.എം ക്യൂബ് ജലമാണ് വിതണം ചെയ്യുന്നത്. പാലക്കാട് നഗരസഭ ഉൾപ്പെടെ പുതുശ്ശേരി, മരുതറോഡ്, പിരായിരി, അകത്തേത്തറ, പുതുപ്പരിയാരം എന്നീ പഞ്ചായത്തുകൾക്കാണ് മലമ്പുഴ ഡാമിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നത്.
-കുടിവെള്ളം ലഭിക്കാതെ ജനങ്ങൾ
നഗരപരിധിയിലും അകത്തേത്തറ, പിരായിരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം മാർച്ച് ആരംഭത്തോടെ ഡാമിൽ നിന്നുള്ള കുടിവെള്ളം ലഭിക്കാത്ത അവസ്ഥയാണ്. ഉയർന്ന പ്രദേശങ്ങളിലുള്ളവർക്കാണ് കൂടുതൽ പ്രശ്‌നം. രാവിലെയും വൈകീട്ടുമായി നാലു മണിക്കൂർ വീതം ലഭിച്ചിരുന്ന കുടിവെള്ളം നിലവിൽ ഒരു മണിക്കൂർ പോലും ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. സമീപത്തുള്ള കിണറുകളിൽ നിന്നുമാണ് ജനങ്ങൾ വെള്ളം ശേഖരിക്കുന്നത്.
* നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന്
ചൂടിന്റെ കാഠിന്യം വരും ദിവസങ്ങളിൽ തുടരുകയാണെങ്കിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ കുടിവെള്ള വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടിവരും. നിലവിൽ നിയന്ത്രണം ഇല്ലാതിരുന്നിട്ടും പല പ്രദേശത്തും വെള്ളം ലഭിക്കാത്തത് വെള്ളം ആദ്യം എത്തുന്ന വീടുകളിൽ അമിതമായ ഉപയോഗം നടക്കുന്നതാണ്. ഇതുകാരണം അവസാനമുള്ള വീടുകളിൽ വെള്ളം ലഭിക്കുമ്പോഴേക്കും വിതരണത്തിന്റെ സമയവും കഴിയുന്നു.
ജയചന്ദ്രൻ, എ.ഇ, ജല അതോറിറ്റി, പാലക്കാട്.