ഒറ്റപ്പാലം: ഉച്ചവെയിലിൽ കുടയുടെ തണൽ മാത്രം. കനത്ത ചൂടിൽ വലഞ്ഞ് ട്രാഫിക് നിയന്ത്രിക്കുന്ന പൊലീസുകാർ. ട്രാഫിക് ഷെഡ് നിർമിക്കാൻ കഴിഞ്ഞ വർഷം പൊലീസും നഗരസഭയും തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല. നഗരത്തിൽ രണ്ടിടത്താണ് ട്രാഫിക് പൊലീസ് റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുന്നത്. ഇതിൽ ലക്ഷ്മി തിയേറ്ററിന് മുൻവശത്തുള്ള ട്രാഫിക് പൊലീസിനാണ് വെയിൽ ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്.
രാവിലെ എട്ടുമണിമുതൽ രാത്രി എട്ടുമണിവരെയാണ് നഗരത്തിൽ വൺവേ സംവിധാനമുള്ളത്. രണ്ടു ഷിഫ്ടുകളായാണ് ഇവിടെ പൊലീസിന് ജോലി. രാവിലെ എട്ടുമണി മുതൽ ഉചയ്ക്ക് രണ്ടുമണിവരെയും രണ്ടുമണി മുതൽ രാത്രി എട്ടുമണിവരെയുമാണ് ഷിഫ്റ്റ്. രണ്ടു പൊലീസുകാർ വീതമാണ് ഓരോ ഷിഫ്ടിലും ജോലിക്കെത്തുക.. ചൂട് കനക്കുന്ന നട്ടുച്ചസമയത്ത് തണലത്തേക്ക് മാറി നിൽക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷേ, ഇത് പ്രാവർത്തികമല്ല. ആ സമയം വൺവേ തെറ്റിച്ച് വാഹനങ്ങൾ കയറും. അപ്പോൾ വീണ്ടും റോഡിലേക്കിറങ്ങി നിൽക്കേണ്ട അവസ്ഥയാകും. ഇതോടെ പരിഹാരമായി എന്നും ഒരു കുടയും ഒരു കുപ്പി വെള്ളവും കൈയിൽ കരുതും. ഇതാണ് ഇപ്പോഴത്തെ ഏക ആശ്വാസം. വെള്ളം നൽകി അറിഞ്ഞു സഹായിക്കുന്ന വ്യാപാരികളും ഒറ്റപ്പാലത്തുണ്ടെന്നും പൊലീസുകാർ പറയുന്നു.
എടുത്തുമാറ്റിവെക്കാവുന്ന ഒരു ഷെഡ് പണിയാൻ കഴിഞ്ഞ വേനൽക്കാലത്ത് നഗരസഭയും പൊലീസും ശ്രമിച്ചിരുന്നു. സ്‌പോൺസർഷിപ്പിലൂടെ ഇത് നടപ്പാക്കാനായിരുന്നു നീക്കം. അന്നത് നടന്നില്ല. ആ പദ്ധതി പുനരുജ്ജീവിപ്പിച്ച് നടപ്പാക്കാനുള്ള ശ്രമവും അധികൃതരുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്‌.