ചെർപ്പുളശ്ശേരി: പൊള്ളുന്ന മീനചൂടിൽ ആവേശത്തിന്റെ നിറക്കാഴ്ചകൾ സമ്മാനിച്ച് കോതകുറുശ്ശി ചേറമ്പറ്റ ഭവതീ ക്ഷേത്രത്തിലെ പൂരം ആഘോഷിച്ചു. രാവിലെ ആറിന് ക്ഷേത്ര ആചാരചടങ്ങുകൾക്ക് ശേഷം കോട്ടപ്പുറത്തെ കുതിര കാവു തീണ്ടിയതോടെയാണ് പൂരചടങ്ങുകൾ തുടങ്ങിയത്.
ഉച്ചയ്ക്ക് ശേഷം തട്ടക ദേശങ്ങളായ ചളവറ, പുലിയാനാംകുന്ന്, കുറ്റിക്കോട്, പാവുക്കോണം, അനങ്ങനടി എന്നിവിടങ്ങളിൽ നിന്നുള്ള വേലകൾ വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ കാവിലേക്ക് പുറപ്പെട്ടു. അവകാശക്കാളയായ നൊട്ടത്ത് കാള ക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെ വെളിച്ചപ്പാട് മുതലിയാർ തെരുവിലേക്ക് പാനക്ക് പുറപ്പെടുകയും പാന കഴിഞ്ഞ് മുതലിയാർ തെരുവിൽ നിന്നുള്ള തേര് ക്ഷേത്രത്തിൽ പ്രവേശിച്ച് പ്രദക്ഷിണം നടത്തിയതിനു ശേഷം അവകാശക്കാളയും, ദേശ വേലകളും, വാദ്യഘോഷങ്ങളും ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു.
തുടർന്ന് എ, ബി വിഭാഗങ്ങളായി പടിഞ്ഞാറ്, കിഴക്കൻ വേലകളിലെ ആനപൂരങ്ങൾ അണിനിരന്നു. തുടർന്ന് പാണ്ടിമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയിൽ കൂട്ടയെഴുന്നള്ളിപ്പുും പ്രദക്ഷിണവും നടന്നു.
വേലകൾ കാവിറങ്ങിയതിനു ശേഷം രാത്രി ഒമ്പതിന് വിവിധ പൂരാഘോഷ കമ്മിറ്റികളുടെ നേതൃത്വത്തിൽ തായമ്പകയും മേളവും അരങ്ങേറി. വിശേഷാൽ പൂജകൾക്കും ചടങ്ങുകൾക്കും ക്ഷേത്രം തന്ത്രി പനാവൂർ മനയ്ക്കൽ ചെറിയ പരമേശ്വരൻ നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു.