പാലക്കാട്: മീനച്ചൂട് തുടർച്ചായായി നാലാം ദിവസവും പാലക്കാട് 41 ഡിഗ്രിയിൽ തിളച്ചു മറിയുകയാണ്. മുണ്ടൂർ ഐ.ആർ.ടി.സി.യിൽ ഇന്നലെയും കൂടിയ താപനില 41 ഡിഗ്രി രേഖപ്പെടുത്തി. കുറഞ്ഞത് 27 ഡിഗ്രിയും ആർദ്രത 30 ശതമാനവുമാണ്. ബുധനാഴ്ച 40.2 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ മലമ്പുഴ ഡാം പരിസരത്ത് ഇന്നലെ കൂടിയ ചൂട് 40.8 ഡിഗ്രിയിലെത്തി. ഇത് മൂന്നാമത്ത തവണയാണ് മലമ്പുഴയിൽ ചൂട് 40 കടക്കുന്നത്. 25.8 ഡിഗ്രിയാണ് കുറഞ്ഞ ചൂട്. ആർദ്രത 19 ശതമാനം. പട്ടാമ്പിയിൽ കൂടിയ ചൂട് 37.8 ഡിഗ്രിയും കുറഞ്ഞത് 23.1 ഡിഗ്രിയും രേഖപ്പെടുത്തി.രാവിലെ 92 ശതമാനവും വൈകീട്ട് 43 ശതമാനവുമായിരുന്നു ആർദ്രത.
ഈ മാസം 15നാണ് ജില്ലയിൽ ആദ്യമായി ചൂട് 41 ഡിഗ്രിയിൽ എത്തിയത്. പിന്നീട് 25, 26, 27, 28 എന്നി തിയതികളിലായി അഞ്ച് തവണ 41 ഡിഗ്രി രേഖപ്പെടുത്തി. വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അതിനാ? ഈ മാസം 31വരെ ജില്ലയിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൂടിന്റെ ആഘാതത്തിൽ ഇന്നലെ ജില്ലയിൽ മൂന്നു പേർക്ക് സൂര്യാതാപമേറ്റതായി ഡി.എം.ഒ കെ.പി.റീത്ത അറിയിച്ചു. കൽമണ്ഡപം സ്വദേശി മോഹനൻ (58), മേപ്പറമ്പ് പിരായിരി സ്വദേശി അഥീന, സബ് ജയിലിലെ ആറുമുഖൻ (44) എന്നിവർക്കാണ് പൊള്ളലേറ്റത്.
ഒരാഴ്ച മുമ്പും 26, 27 തീയതികളിലുമായി പൊള്ളലേറ്റ പത്തു പേർക്കും സൂര്യാതാപമേറ്റതാണെന്ന് സ്ഥിരീകരിച്ചതായും ഡി.എം.ഒ അറിയിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകൾ പ്രകാരം മാർച്ചിൽ ഇതുവരെ 43 പേർക്ക് സൂര്യതപമേറ്റിട്ടുണ്ട്.