ഒറ്റപ്പാലം:തീവണ്ടി തടഞ്ഞ കേസിൽ കെ.സുരേന്ദ്രനും,സി.കൃഷ്ണകുമാറിനും ജാമ്യം. പാലക്കാട് വെച്ച് 2010ൽ തീവണ്ടി തടഞ്ഞ കേസിലാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും, പാലക്കാട് ലോക്‌സഭ മണ്ഡലം സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിനും ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പാലക്കാട് ഡിവിഷൻ വിഭജിച്ച് സേലം ഡിവിഷൻ രൂപീകരിക്കാനുള്ള യു.പി.എ സർക്കാറിന്റെ നീക്കത്തിൽ പ്രതിക്ഷേധിച്ച് ബി.ജെ.പി തീവണ്ടി തടയൽ സമരം നടത്തിയിരുന്നു. ഇതിൽ കെ.സുരേന്ദ്രനും, സി.കൃഷ്ണകുമാറും ഉൾപ്പെടെ ആറ് പേർക്കെതിരെയായിരുന്നു കേസെടുത്തിരുന്നത്. കേസിന്റെ അവസാനഘട്ട വാദം കേൾക്കലിൽ ഹാജരാകാതിരുന്ന ഇവർ ഇന്നലെ നേരിട്ടെത്തി ജാമ്യമെടുക്കുകയായിരുന്നു. ശബരിമല വിഷയം പ്രചാരണായുധം തന്നെയാണെന്ന് കെ.സുരേന്ദ്രൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പി കേരളത്തിൽ രക്ഷപ്പെടാൻ പാടില്ലെന്ന അജണ്ട മാധ്യമങ്ങൾക്ക് ഉണ്ടെന്നും അത് ഇത്തവണ നടപ്പാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.