photo
നെല്ലായ കുലുക്കല്ലൂർ ത്വരിത ശുദ്ധജല പദ്ധതി.

ചെർപ്പുളശേരി: നഗരസഭാ പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചലത്തിൽ നെല്ലായ​- കുലുക്കല്ലൂർ ത്വരിത ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈൻ ചെർപ്പുളശേരിയിലേക്ക് നീട്ടണമെന്ന ആവശ്യം വീണ്ടും ശക്തമായി. തൂതപ്പുഴയിൽ നീരൊഴുക്ക് നിലച്ചതോടെ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്ക് നീങ്ങുകയാണ് നഗരം.

തനത് കുടിവെള്ള പദ്ധതികളൊന്നുമില്ലാത്ത നഗരസഭയിൽ തൂതപ്പുഴയിലെ കാളിക്കടവിലുള്ള ജല അതോറിറ്റിയുടെ പദ്ധതി മാത്രമാണ് ജനങ്ങൾക്ക് ആശ്രയം. ജലക്ഷാമം മുന്നിൽ കണ്ട് പദ്ധതിയുടെ വൃഷ്ടി പ്രദേശത്ത് പുഴയിൽ മണൽചാക്കുകൾ നിരത്തി താൽക്കാലിക തടയണ പണിതിട്ടുണ്ടെങ്കിലും ഇവിടേയ്ക്ക് ഇപ്പോൾ വെള്ളം ഒഴുകിയെത്തുന്നില്ല. കാഞ്ഞിരപ്പുഴ കനാൽ തുറന്നത് അല്പം ആശ്വാസമായിട്ടുണ്ടെങ്കിലും ശക്തമായ വേനൽ മഴ കിട്ടിയില്ലെങ്കിൽ പദ്ധതിയിൽ നിന്നുള്ള ജല വിതരണം മുടങ്ങുമെന്ന ആശങ്കയുണ്ട്.

ഈ സാഹചര്യത്തിൽ നെല്ലായ കുലുക്കല്ലൂർ ത്വരിത ശുദ്ധജല പദ്ധതിയുടെ പൈപ്പ് ലൈൻ ചെർപ്പുളശേരിയിലേക്ക് നീട്ടാൻ കഴിഞ്ഞാൽ അത് വലിയ ആശ്വാസമാകും. നേരത്തെ തന്നെ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ജല അതോറിറ്റി അനുകൂല നിലപാട് എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ചേർന്ന കൗൺസിൽ യോഗത്തിൽ ഇക്കാര്യം വീണ്ടും ചർച്ചയായി.

ജല അതോറിറ്റിയുടെ നിഷേധ നിലപാടിനെതിരെ ആവശ്യമെങ്കിൽ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനുള്ള ആലോചനയിലാണ് നഗരസഭാ ഭരണ സമിതി. എന്നാൽ ഇക്കാര്യത്തിൽ നെല്ലായ, കുലുക്കല്ലൂർ പഞ്ചായത്ത് ഭരണ സമിതികളുടെ നിലപാടും നിർണായകമാണ്. ഈ പദ്ധതിയിൽ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും വീടുകളിലേക്കുള്ള കണക്ഷൻ പൂർത്തിയായിട്ടില്ല.

ഇക്കാര്യത്തിൽ എം.എൽ.എ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തൂതപ്പുഴയിൽ വെള്ളം കുറയുന്ന സാഹചര്യത്തിൽ ജലചൂഷണം തടയാനും നഗരസഭ തീരുമാനിച്ചു. അതത് കൗൺസിലർമാരോട് ഇക്കാര്യം ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.