നെല്ലിയാമ്പതി: വിനോദസഞ്ചാരമേഖലയായ നെല്ലിയാമ്പതിയിലേക്കുള്ള യാത്രാദുരിതത്തിന് ഇനിയും പരിഹാരമായില്ല. ഇതോടെ അവധിക്കാലത്തും സഞ്ചാരികൾക്ക് നെല്ലിയാമ്പതിയുടെ ദൃശ്യഭംഗി കാണാനാവില്ല.

ചുരംപാതയിലെ തകർന്നുപോയ പാലത്തിന്റെ നിർമ്മാണം ഇനിയും തുടങ്ങിയിട്ടില്ല. 2018 ഓഗസ്റ്റ് 16നാണ് നെല്ലിയാമ്പതിയിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ചുരംപാതയിൽ ഗതാഗത തടസമുണ്ടായത്. ഉരുൾപൊട്ടി തകർന്നുപോയ കുണ്ടറച്ചോല കലുങ്കിന് പകരം പുതിയ പാലം നിർമ്മിക്കുന്ന പ്രവൃത്തിയാണ് എങ്ങുമെത്താതായത്. ഫെബ്രുവരി 24ന് പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചുവെങ്കിലും ഒരു മാസം പിന്നിട്ടിട്ടും പ്രാഥമിക പ്രവൃത്തികൾ മാത്രമാണ് നടന്നിട്ടുള്ളത്. ഒന്നരക്കോടി രൂപ ചെലവിലാണ് താത്കാലിക പാലത്തിന് മുകളിലായി പുതിയ പാലം നിർമ്മിക്കുന്നത്. അതുവരെ വാഹനങ്ങൾ കടന്നുപോകുന്നതിന് സമാന്തരപാത നിർമ്മിച്ചിട്ടുണ്ട്. ഇതിലൂടെയാണ് നെല്ലിയാമ്പതിയിലേക്ക് ചെറുവാഹനങ്ങളും കെ.എസ്.ആർ.ടി.സിയും പോകുന്നുണ്ട്. വലിയ വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും നിയന്ത്രണമുള്ളതിനാൽ എട്ടു മാസം സഞ്ചാരികൾക്ക് നെല്ലിയാമ്പതിയിലേക്കെത്താൻ കഴിയാത്ത സ്ഥിതിയാണ്. പാലത്തിന്റെ നിർമ്മാണം ആറുമാസത്തിനകം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണെന്ന് പൊതുമരാമത്തുവകുപ്പ് വകുപ്പ് അസി എൻജിനീയർ പറഞ്ഞു.