പാലക്കാട്: വരൾച്ചയെ നേരിടാൻ ജില്ലയിൽ സ്ഥാപിച്ച വാട്ടർ കിയോസ്‌കുകൾ നോക്കുകുത്തിയാകുന്നു. 2017ൽ വേനലിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാൻ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി ആകെ 582 വാട്ടർ കിയോസ്‌കുകളാണ് സ്ഥാപിച്ചത്. ഇതിൽ 400 എണ്ണത്തിൽ കുടിവെള്ളംനിറച്ച് വിതരണം നടത്തുകയം ചെയ്തു. നിലവിൽ ഇതിന്റെ പകുതിയിൽ താവെയും ഉപയോഗ ശൂന്യമാണ്.
ഏറ്റവും കൂടുതൽ കിയോസ്‌കുകൾ സ്ഥാപിച്ചത് മണ്ണാർക്കാട്ടാണ് 191. ചിറ്റൂരിൽ 167 കിയോസ്‌കുകളും സ്ഥാപിച്ചു. വരൾച്ച രൂക്ഷമായ വടക്കഞ്ചേരിക്കടുത്ത് പാലക്കുഴിയിൽപോലും ഇപ്പോൾ കിയോസ്‌ക് ഉപയോഗയോഗ്യമല്ല. വാട്ടർ കിയോസ്‌കുകൾ സ്ഥാപിക്കാൻ മാത്രം രണ്ടുകോടി രൂപയ്ക്കടുത്ത് ചെലവായിട്ടുണ്ട്. വഴിയോരത്ത് സ്ഥാപിച്ച കിയോസ്‌കുകൾ പലതും മഴയും വെയിലുമേറ്റ് ബലക്ഷയം വന്നതായി നാട്ടുകാർ പറയുന്നു. ഇനിയിത് നന്നാക്കിയെടുക്കാൻ വീണ്ടും തുക ചെലവാക്കേണ്ടി വരും. ഉപയോഗശൂന്യമായ കിയോസ്‌കുകൾ നന്നാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. വെള്ളം നിറച്ചുനൽകേണ്ടത് അതത് പഞ്ചായത്തുകളാണ്. അതിന് ഫണ്ട് ചെലവാക്കാനുള്ള അനുമതിയുമായിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് അധികൃതർ അറിയിച്ചു.