പാലക്കാട്: അതികഠിനമായ ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം ചൊവ്വാഴ്ച വരെ നീട്ടി. ഇന്നും നാളെയും താപനില ശരാശരി രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

സൂര്യാഘാതത്തിനും സൂര്യതാപത്തിനും സാധ്യത കൂടുതലായതിനാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പുണ്ട്.

നിർജലീകരണം ഉണ്ടാകുമെന്നതിനാൽ ധാരാളം വെള്ളം കുടിക്കണം. പൊള്ളൽ, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടനടി മെഡിക്കൽ സഹായം തേടണം. വരൾച്ച, പകർച്ചവ്യാധി അടക്കം നേരിടാൻ കർമ്മ സമിതികൾ തയാറായിട്ടുണ്ട്. പാലക്കാടാണ് ഇന്നലെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 41 ഡിഗ്രി സെൽഷ്യസ്. ഇന്നലെ മാത്രം നാലുപേർക്ക് ജില്ലയിൽ സൂര്യതാപമേറ്റു. മൂന്നുപേർക്ക് കൊല്ലങ്കോടും ഒരാൾക്ക് പരുത്തിപുള്ളിയിലുമാണ് പൊള്ളലേറ്റത്. പകൽ സമയങ്ങളിൽ നേരിട്ട് വെയിൽ കൊള്ളുന്നവർക്കാണ് പൊള്ളലേൽക്കുന്നത്.
കൊല്ലങ്കോട് കുഞ്ചു(60), കിണാശ്ശേരി മമ്പുറം എ.എം.മൻസിൽ ഫക്കീർ(51), പൊടികുളങ്ങരയിൽ സുഭദ്ര(57), പുതുനഗരത്തെ ശങ്കരനാരായണൻ(67) എന്നിവർക്കാണ് ഇന്നലെ പൊള്ളലേറ്റത്. ഇതിൽ ശങ്കരനാരായണൻ കൊല്ലങ്കോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മറ്റുമൂന്നുപേരും ജില്ലാ ആശുപത്രിയിലും ചികിത്സതേടി.