സ്തുതിക്കാട്ട് പടി - കൊല്ലീരേത്ത് പടി പാടശേഖരം റോഡിൽ കാൽനട സവാരിക്കാർക്കായി പ്രത്യേക പദ്ധതി
35 ലക്ഷത്തിന്റെ പദ്ധതി,
ആദ്യഘട്ടത്തിൽ 15 ലക്ഷം ചെലവഴിച്ച് റോഡ് ഗതാഗതയോഗ്യമാക്കി, രണ്ടാം ഘട്ടത്തിൽ കോൺക്രീറ്റിംഗ്, സംരക്ഷണവേലി എന്നിവ 20 ലക്ഷം ചെലവഴിച്ച് നിർമ്മിക്കുന്നു. കാൽനടയാത്രയും വാഹനഗതാഗതവും സുരക്ഷിതമാകും.
കോഴഞ്ചേരി: കാൽനട സവാരി ഉല്ലാസഭരിതമാക്കാനൊരിടം കോഴഞ്ചേരിയിൽ ഒരുങ്ങുന്നു. സ്തുതിക്കാട്ട് പടി പുഞ്ചയിലെ പാടശേഖരം റോഡിലാണ് ഇതിനുള്ള സൗകര്യം ജില്ലാ പഞ്ചായത്ത് ഒരുക്കുന്നത്. പ്രകൃതിഭംഗി ആസ്വദിച്ചും കുളിർകാറ്റുമേറ്റ് പ്രഭാത സായാഹ്ന വേളകളിൽ ഇതുവഴി നടക്കുന്നത് മാനസിക പിരിമുറുക്കത്തിൽ നിന്ന് രക്ഷനേടുന്നതിനും സഹായകരമാകും.
ജീവിത സായാഹ്നത്തിൽ വിരസത അനുഭവിക്കുന്നവർക്ക് ആശ്വാസം കൂടിയാവുകയാണ് ഈ സഞ്ചാര പഥം. കോഴഞ്ചേരി ജെ.ബി ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന പാതയുടെ സ്തുതിക്കാട്ട് മുതൽ കൊല്ലീരേത്ത് പടി വരെയുള്ള ഭാഗമാണ് നവീകരിക്കുന്നത്. അരകിലോമീറ്ററോളം റോഡ് പൂർണ്ണമായും കോൺക്രീറ്റ് ചെയ്ത് സംരക്ഷണ വേലി സ്ഥാപിക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. ഭംഗിയുള്ള കമ്പിവേലികൾ പ്രായമായവരുടെ നടപ്പിന് സംരക്ഷണം നൽകും. വാഹന ഗതാഗതത്തിനും അനുയോജ്യമായ റോഡ് ശാസ്ത്രീയമായ രീതിയിൽ ഉപയോഗിച്ചാൽ കോഴഞ്ചേരി നഗരത്തിലെ ഗതാഗതകുരുക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ കഴിയും.
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ പതിമൂന്നാം വാർഡിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ടി.കെ റോഡിനെയും മണ്ണാറക്കുളഞ്ഞി റോഡിനെയും ബന്ധിപ്പിക്കുന്ന പാത റാന്നി, ചെറുകോൽ, അയിരൂർ ഭാഗങ്ങളിലേയ്ക്ക് പോകുന്നതിനുള്ള എളുപ്പമാർഗ്ഗം കൂടിയാണിത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്ജ് മാമ്മൻ കൊണ്ടൂർ, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ് പ്രകാശ് , എക്‌സിക്യൂട്ടീവ് എൻജിനീയർ ലതാ എം.എസ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം പരിശോധിച്ച് തുടർനടപടികൾക്കുള്ള ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.