പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ കാത്ത് ലാബ് അടുത്തമാസം ആദ്യം പൂർണതോതിൽ പ്രവർത്തനം തുടങ്ങാൻ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. കാത്ത് ലാബിലേക്കുളള കാർഡിയോളജിസ്റ്റ് ഇന്നലെ ചുമതലയേറ്റു. ഇതോടെ ജനറൽ ആശുപത്രിയിൽ രണ്ട് കാർഡിയോളജിസ്റ്റുകളായി. ഡോ.എം.സി ജോൺ, ഡോ. ജോസ് പൈകട എന്നിവരാണവർ. അടിയന്തരമായി നിയമിക്കേണ്ടത് നാല് കാത്ത്ലാബ് നഴ്സുമാരെയും രണ്ട് ടെക്നിഷ്യൻമാരെയുമാണ്. നിയമനത്തിന് മാനേജിംഗ് കമ്മിറ്റി അനുമതി നൽകി. പത്രപ്പരസ്യം നൽകി അഭിമുഖത്തിലൂടെ താൽക്കാലിക നിയമനം നടത്തും. ജില്ലയിലെ ആദ്യത്തേതും സംസ്ഥാനത്തെ മൂന്നാമത്തേതുമാണ് ജനറൽ ആശുപത്രിയിലെ കാത്ത്ലാബ്. കുറഞ്ഞ പരിശോധനഫീസ് നിരവധി രോഗികൾക്ക് പ്രയോജനപ്പെടും.
കാത്ത് ലാബിൽ പരിശോധനകൾക്കുളള ഫീസ് നിരക്കുകൾ ഇപ്രകാരമാണ്:
എക്കോ ടെസ്റ്റ്
എ.പി.എൽ 500രൂപ.
ബി.പി.എൽ 200രൂപ.
....
ടി.എം.ടി
എ.പി.എൽ 600രൂപ.
ബി.പി.എൽ 300രൂപ.
....
ആൻജിയോഗ്രാം 6000രൂപ (എ.പി.എൽ, ബി.പി.എൽ വ്യത്യാസമില്ല). അഡ്മിറ്റാകുന്ന എല്ലാ രോഗികൾക്കും എല്ലാ പരിശോധനകളും സൗജന്യമാണ്. എക്കോ, ടി.എം.ടി പരിശോധനകൾക്ക് സ്വകാര്യ ആശുപത്രികളിലെ കുറഞ്ഞ നിരക്ക് ആയിരം രൂപയാണ്. ആൻജിയോഗ്രാമിന് പതിനായിരം മുതൽ ഇൗടാക്കി വരുന്നുണ്ട്.
നെഞ്ചുവേദനയുമായി വരുന്നവർക്ക് കാത്ത് ലാബിലെ എക്കോടെസ്റ്റ് പരീക്ഷണാടിസ്ഥാനത്തിൽ സൗജന്യമായി ചെയ്തുകൊടുക്കുന്നുണ്ട്. ഇതിനകം മുന്നൂറോളം രോഗികൾക്ക് സൗജന്യമായി പരിശോധന നടത്തി.
...
പുതിയ കെട്ടിടത്തിന് നാല് കോടി അനുവദിച്ചു
ജനറൽ ആശുപത്രിയിൽ മാസ്റ്റർ പ്ളാൻ പ്രകാരം പുതിയ കെട്ടിടം നിർമിക്കുന്നതിന് ആദ്യ ഗഡുവായ നാല് കോടി രൂപ അനുവദിച്ചതായി വീണാജോർജ് എം.എൽ.എ ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തിൽ അറിയിച്ചു. ടെൻഡർ നടപടികൾ ഉടനെ ആരംഭിക്കും.
...
മോർച്ചറി നവീകരിക്കും
ആശുപത്രി മോർച്ചറിയിലെ തകരാറിലായ ഫ്രീസർ മാറ്റി പുതിയത് വാങ്ങും. ഫ്രീസറിനും മോർച്ചറി നവീകരിക്കുന്നതിനും 13 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയത്. നിർമാണച്ചുമതല ഹൗസിംഗ് ബോർഡിന് നൽകും. ഹെമറ്റാേളജി അനലൈസർ, ഹോർമോൺ അനലൈസർ എന്നിവ വാങ്ങുന്നതിന് മാനേജിംഗ് കമ്മിറ്റി തീരുമാനിച്ചു.
...
ഗൈനക്കോളജിയിൽ ഡോക്ടർമാരുടെ കുറവ്
ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർമാരില്ലാത്തത് ഗർഭിണികൾക്ക് ദുരിതമുണ്ടാക്കുന്നതായി യോഗത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു അനിൽ പറഞ്ഞു. ഒ.പി ടിക്കറ്റെടുത്ത് ഗൈനക്കോളജി വിഭാഗത്തിന് മുന്നിൽ ഉച്ചവരെ കാത്തിരുന്നിട്ടും ഡോക്ടർ എത്താതിരുന്നതിനെ തുടർന്ന് രോഗികൾ മടങ്ങിപ്പാേയി. അടുത്തിടെ ഡോക്ടറെ കാത്തിരുന്ന രണ്ട് ഗർഭിണികൾ മയങ്ങി വീഴുകയുണ്ടായി. ഒരോ ദിവസവും ഡ്യൂട്ടിയിലുളള ഗൈനക്കോളജി ഡോക്ടർമാരുടെ വിവരങ്ങൾ, ഗൈനക്കോളജി വിഭാഗത്തിനു മുന്നിൽ എഴുതിവയ്ക്കണമെന്ന് മാനേജിംഗ് കമ്മിറ്റി നിർദേശിച്ചു.
...
നഗരസഭാ ചെയർപേഴ്സന് വിമർശനം
ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കേണ്ട നഗരസഭ ചെയർപേഴ്സൺ ഗീതാസുരേഷ് യോഗത്തിൽ പങ്കെടുക്കാതിരുന്നത് വിമർശനത്തിനിടയാക്കി. ചെയർപേഴ്സന്റെ സൗകര്യം കണക്കിലെടുത്താണ് ഇന്നലെ മാനേജിംഗ് കമ്മിറ്റി വിളിച്ചത്. നേരത്തേ, വീണാ ജോർജ് എം.എൽ.എ നൽകിയ രണ്ടു തീയതികളിലും നഗരസഭാ ചെയർപേഴ്സന് പങ്കെടുക്കാൻ പറ്റില്ലെന്ന് അറിയിച്ചിരുന്നു. ചെയർപേഴ്സന്റെ സൗകര്യം പരിഗണിച്ച് ഇന്നലെ വിളിച്ച യോഗത്തിൽ താൻ എത്തിയത് മറ്റുപരിപാടികൾ മാറ്റിവച്ചിട്ടാണെന്ന് വീണാജോർജ് പറഞ്ഞു. ഇന്നലെ പതിനൊന്നിനാണ് മാനേജിംഗ് കമ്മിറ്റി യോഗം വിളിച്ചിരുന്നത്. എം.എൽ.എയും ആശുപത്രി പ്രദേശത്തെ നഗരസഭ കൗൺസിലർ പി.കെ. ജേക്കബും സമയത്ത് എത്തിയിരുന്നു. അദ്ധ്യക്ഷയാകേണ്ട ചെയർപേഴ്സൺ പതിനൊന്നരയായിട്ടും എത്തതിരുന്നതിനാൽ യോഗം മാറ്റിവയ്ക്കണമെന്ന് എം.എൽ. എ അഭിപ്രായപ്പെട്ടു. ഇൗ സമയം എത്തിയ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു അനിലിനെ അദ്ധ്യക്ഷയാക്കി യോഗം ആരംഭിക്കുകയായിരുന്നു. ചെയർപേഴ്സൺ എത്താതിരുന്നതിൽ ക്ഷമ ചോദിക്കുന്നതായി കൺസിലർ പി.കെ. ജേക്കബ് പറഞ്ഞു. അംഗങ്ങളുടെ പ്രതിഷേധം ചെയർപേഴ്സനെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സൂപ്രണ്ട് ഇൻ ചാർജ് ഡോ. സാജൻ മാത്യൂസ്, ആർ.എം.ഒ ഡോ. ആശിഷ് മോഹൻകുമാർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
>>>
'' അത്യാവശ്യത്തിന് ഒരു സ്ഥലം വരെ പാേകാനുണ്ടായിരുന്നു. അതുകൊണ്ടാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്.
ഗീതാ സുരേഷ്, ചെയർപേഴ്സൺ.