palam-
ഓട്ടാഫീസ് കടവ് പാലത്തിന്റെ തർക്കം നിലനിൽക്കുന്ന ഭാഗം അപ്രോച്ച് റോഡ്

തിരുവല്ല: നെടുമ്പ്രം പഞ്ചായത്തിലെ ഗ്രാമീണ മേഖലയുടെ വികസനത്തിന് വഴിയൊരുക്കുന്ന ഓട്ടാഫീസ് കടവ് പാലത്തിലൂടെ വാഹനങ്ങൾ ഓടാൻ ഇനിയും കാത്തിരിക്കണം. രണ്ടു വർഷം മുമ്പ് ഓട്ടാഫീസ് കടവ് പാലത്തിന്റെ നിർമ്മാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡ് നിർമ്മാണം പലവിധ കാരണങ്ങളാൽ ഇഴഞ്ഞുനീങ്ങുകയാണ്. ഇതുസംബന്ധിച്ചതർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലുമാണ്. പാലത്തിനു സമീപം താമസിക്കുന്ന വീട്ടുകാർ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് പണികൾ നിറുത്തിവച്ചിരിക്കുന്നത്. ഇതോടെ നിർമ്മാണം പൂർത്തിയാക്കാനോ ടാറിംഗ് നടത്തി ഗതാഗതത്തിനു തുറന്നുകൊടുക്കാനോ കഴിയാത്ത സാഹചര്യമാണ്. നിയമക്കുരുക്ക് മാറിയാൽ രണ്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന് മാത്യു ടി.തോമസ് എം.എൽ.എയുടെ ചോദ്യത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിയമസഭയിൽ മറുപടി നൽകിയിരുന്നു. 2010 സെപ്തംബറിലാണ് പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 2017 ഡിസംബറിൽ പണി പൂർത്തിയായി. ഇതിനിടെ കരാറുകാരന്റെ അനാസ്ഥ കാരണം അപ്പ്രോച്ച് റോഡ് നിർമ്മാണം തടസപ്പെട്ടു. പിന്നീട് കഴിഞ്ഞ മാർച്ചിലാണ്‌ റോഡ് നിർമ്മാണം തുടങ്ങിയത്. പൊടിയാടി കരയിൽ ഇരുവശവും സംരക്ഷണഭിത്തി നിർമ്മാണവും മണ്ണിട്ട് നികത്തലും പൂർത്തിയായി. വെൺപാല കരയിൽ ഇനി പത്തുമീറ്റർ നീളത്തിൽ സംരക്ഷണഭിത്തി നിർമ്മിക്കാനുണ്ട്. പാലത്തിന്റെ അപ്രോച്ച് റോഡിൽ നിന്നു നേരിട്ടു വീട്ടിലേക്ക് വഴി വേണമെന്നാവശ്യപ്പെട്ടാണ് വീട്ടുകാർ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ പണിയും നിലച്ചു. തൊട്ടടുത്തുള്ള പഞ്ചായത്ത് റോഡിൽ നിന്നു ഇവരുടെ വീട്ടിലേക്കു വഴിയുണ്ടെന്ന് മരാമത്ത് അധികൃതർ പറഞ്ഞു. ഇതാണ് ഇപ്പോഴത്തെ തർക്കത്തിനു കാരണം.

അപ്പ്രോച്ച് റോഡ് നിർമ്മാണത്തിലെ തടസങ്ങൾ ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉത്തരവ് ലഭിച്ചാൽ രണ്ട് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നും പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യുട്ടീവ് എൻജിനീയർ സുഭാഷ് പറഞ്ഞു.