ചെങ്ങന്നൂർ: ബാലക്കോട്ടിലെ ജയ്ഷെ കേന്ദ്രത്തിനു നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ അണിയറയിൽ നിറഞ്ഞുനിന്ന എയർ മാർഷൽ സി. ഹരികുമാർ പടിഞ്ഞാറൻ വ്യോമ കമാൻഡിന്റെ തലപ്പത്തു നിന്ന് പടിയിറങ്ങിയത് അഭിമാനപൂർവം. വിരമിക്കാൻ രണ്ടു നാൾ ബാക്കി നിൽക്കെ രാജ്യത്തിനു മുഴുവൻ അഭിമാനമായ പോരാട്ടത്തിന് നേതൃത്വം നൽകിയ ഹരികുമാറിനെ ജന്മനാട്ടിലേക്ക് വരവേൽക്കാൻ ഒരുങ്ങുകയാണ് ചെങ്ങന്നൂർ പാണ്ടനാട്ടുകാർ.
ആക്രമണത്തിനു ചുക്കാൻ പിടച്ചതും അതിന് സമഗ്ര പദ്ധതി തയാറാക്കിയതും ഹരികുമാറിന്റെ നേതൃത്വത്തിലുള്ള പടിഞ്ഞാറൻ വ്യോമ കമാൻഡ് ആയിരുന്നു. പാണ്ടനാട് വന്മഴിയിൽ കുടുംബാംഗമായ ഹരികുമാർ 1979- ലാണ് ഇന്ത്യൻ വ്യോമസേനയിൽ ചേർന്നത്. പരമവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ അടക്കം നിരവധി സൈനിക ബഹുമതികൾ ലഭിച്ചിട്ടുണ്ട്. പിതാവ് എം.കെ.സി പിള്ള കൺസ്ട്രക്ഷൻ കമ്പനി കൺസൾട്ടന്റായിരുന്നു. അമ്മ ശ്രീദേവിയമ്മ ഒരു വർഷം മുൻപ് മരിച്ചു.കേരളത്തിനു പുറത്തായിരുന്നു ഹരികുമാറിന്റെ സ്‌കൂൾ വിദ്യാഭ്യാസം. ഇടയ്ക്ക് പാണ്ടനാട്ടെ കുടുംബവീട്ടിൽ വരും. പ്രളയ സമയത്താണ് അവസാനമായി നാട്ടിൽ വന്നത്.
അതിനിടെ, ഹരികുമാറിനെതിരെ പാക് മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം ഒരു വ്യാജവാർത്ത പുറത്തുവിട്ടു.
ബലാക്കോട്ട് ഒാപ്പറേഷൻ പരാജയപ്പെട്ടെന്നും, അക്കാരണത്താൽ അദ്ദേഹത്തെ പശ്‌ചിമ കമാൻഡിൽ നിന്ന് പുറത്താക്കിയെന്നുമായിരുന്നു വാർത്ത. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഹരികുമാർ കഴിഞ്ഞ ദിവസം സർവീസിൽ നിന്നു വിരമിച്ചത് പാകിസ്ഥാൻ അറിഞ്ഞില്ല! കണ്ണൂർ സ്വദേശിയായ എയർമാർഷൽ രഘുനാഥ് നമ്പ്യാർ ആണ് പശ്‌ചിമ കമാൻഡിന്റെ പുതിയ ചുമതലക്കാരൻ.