class

അടൂർ: ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ രാത്രി ക്ലാസ്സുകൾ സജീവമായി.ഹയർ സെക്കൻഡറി രണ്ടാം വർഷ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർത്ഥികൾക്കാണ് രാത്രിയിൽ ക്ലാസ്സുകൾ നടക്കുന്നത്. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ രണ്ട് ബാച്ചുകളാണുള്ളത്.ഇവരുടെ പാഠ്യ ഭാഗങ്ങളെല്ലാം ജനുവരി ആദ്യം തന്നെ പഠിപ്പിച്ചു തീർത്തിരുന്നു. അതിന് ശേഷം 35 ദിവസമായി രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാല് വരെ പ്രത്യേകം ക്ലാസ്സുകൾ നടന്നു വരികയാണ്. ഇതു കൂടാതെ എട്ട് ദിവസമായി വൈകിട്ട് അഞ്ച് മുതൽ രാത്രി എട്ടര വരെ പ്രത്യേകം ക്ലാസുകൾ നടന്നുവരുന്നു. മാർച്ച് ആറ് മുതൽ തുടങ്ങുന്ന പൊതു പരീക്ഷയ്ക്കായി ഇവരെ സജ്ജരാക്കുന്നതിനാണ് രാപകലായി തീവ്രപരിശീലനം നൽകുന്നത്. രാത്രിയിൽ പി.ടി.എയുടെ നേതൃത്വത്തിൽ ഭക്ഷണവും നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ മികവിന്റെ കേന്ദ്രം പദ്ധതിയിൽ ഉൾപ്പെട്ട സ്കൂളിൽ വിജയശതമാനം ഉയർത്താനാണ് രാപകൽ തീവ്രപരിശീലനം നൽകുന്നതെന്ന് അദ്ധ്യാപകർ പറഞ്ഞു. സാമ്പത്തിക ശാസ്ത്ര അദ്ധ്യാപകൻ പി.ആർ.ഗിരീഷാണ് കോ ഒാർഡിനേറ്റർ.പ്രിൻസിപ്പൽ എ.നജിമുന്നിസ, പി.ടി.എ.പ്രസിഡന്റ് കെ.ഹരിപ്രസാദ്, അദ്ധ്യാപകരായ ബിനോയി സ്കറിയ, ഫെലിക്സ്, ദീപ, കണിമോൾ, ജയസിംഗ്, ആശ ജി.രവീന്ദ്രകുറുപ്പ് , ദീപക്.എച്ച്, ഷാജഹാൻ, സുധീഷ്ണ, മായ എന്നിവരാണ് പരിശീലനം നൽകുന്നത്.