road
കോട്ടമുകൾ ഭാഗത്ത് പൈപ്പ് പൊട്ടി റോഡിൽ വെള്ളകെട്ട് രൂപപെട്ടപ്പോൾ കുഴിയിൽ താഴ്ന്ന ടിപ്പർ ലോറി സമീപം.

അടൂർ : കെ.പി റോഡിൽ കോട്ടമുകൾ ഭാഗത്ത് വീണ്ടും പൈപ്പ് പൊട്ടി റോഡ് പണി തടസപ്പെട്ടു. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി നിലവിലുള്ള ടാറിംഗ് ഇളക്കിമാറ്റി മെറ്റിൽ നിരത്തുന്നതിനായുള്ള ജോലി നടക്കുന്നതിനിടെയാണ് ടിപ്പർലോറി പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിൽ താഴ്ന്നത്. ഇതോടെ ചെറുവാഹനങ്ങളുടെ ഗതാഗതവും നിലച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പൈപ്പ് സ്ഥാപിച്ച കുഴികൾ നികത്തി അതിൽ 40 ഇഞ്ച് കനത്തിൽ മെറ്റിൽ നിരത്തി കെ.പി റോഡ് പണി പുരോഗമിക്കുന്നതിനിടെയാണ് അടൂർ നഗരസഭാ പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്ന മെയിൻ പൈപ്പ്ലൈൻ പൊട്ടി ജലം റോഡിലേക്ക് ഒഴുകിയത്. ഇൗ ഭാഗത്താണ് ടിപ്പർ ലോറി താഴ്ന്നത്. തുടർന്ന് ഒരു മണിക്കൂറത്തെ ശ്രമഫലമായാണ് ജെ. സി. ബി ഉപയോഗിച്ച് ടിപ്പർലോറി ഉയർത്തിയത്. കഴിഞ്ഞ ദിവസം ഉപപൈപ്പ് ലൈൻ ബന്ധിപ്പിച്ച ഭാഗത്തെ ബെന്റ് ഉൾപ്പെടെയുള്ളവ വെള്ളത്തിന്റെ ഉന്നതമർദ്ദം താങ്ങാനാകാതെ തെറിച്ചുപോയതിന് 100 മീറ്റർ പടിഞ്ഞാറ് മാറി ഹോണ്ട ഷോറൂമിന് മുന്നിലായാണ് പൈപ്പ് പൊട്ടിയത്. വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചെങ്കിലും ഇരുചക്ര - മുച്ചക്ര വാഹനങ്ങൾ ഉൾപ്പെടെ ചെറിയ വാഹനങ്ങൾ കടന്നുപോകുന്നതിന് അനുമതി നൽകിയിരുന്നു. വെള്ളകെട്ട് കാരണം അതും നിലച്ചു.

പൈപ്പ് പൊട്ടൽ തുടരുന്നതിനാൽ നിർമ്മാണം വേഗത്തിലാക്കാൻ കഴിയാത്ത അവസ്ഥയാണ്. വെള്ളം റോഡിലേക്ക് ഒഴുകുന്നത് കാരണം റോഡ് നിർമ്മാണം തുടർന്ന് നടത്താൻ കഴിയാത്ത അവസ്ഥയാണ്.

കിളിമാന്നൂർ ചന്ദ്രബാബു

കരാറുകാരൻ