പന്തളം : കരിങ്ങാലിപാടശേഖരത്തിലെ ചിറമുടിപുഞ്ചയിലെ 150 ഏക്കറോളം പാടശേഖരം ഇത്തവണയും തരിശായി കിടക്കുകയാണ്. മുൻപ് വൃശ്ചിക കാർത്തികയ്ക്കായിരുന്നു ഇവിടെ കൃഷിയിറക്കിയിരുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനം കാരണം ധനുമാസത്തിലും കൃഷി ചെയ്യുമായിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഇവിടെ കൃഷി ചെയ്യുന്നില്ല. പുഞ്ചയ്ക്കൊപ്പം കരകണ്ടവും ഉൾപ്പെടുന്നതാണ് ചിറമുടി ഏല. മുമ്പ് ഇരുപ്പു കൃഷിയും ചെയ്തിട്ടുണ്ട്. ഒരു തവണ നെൽകൃഷി ചെയ്ത ശേഷം എള്ളും ഉഴുന്നും കൃഷിചെയ്ത കാലങ്ങളുമുണ്ട്. കൃഷിഭൂമി ഇപ്പോൾ പുല്ല് കിളിർത്ത് കാട് മൂടി കിടക്കുകയാണ്.
കാലവസ്ഥാ വ്യതിയാനവും തൊഴിലാളികളുടെ ലഭ്യതകുറവും കൂലി ചെലവും കൃഷിയുപേക്ഷിക്കാൻ കർഷകരെ പ്രേരിപ്പിച്ചു.
തരിശ് നിലങ്ങൾ കൃഷി ചെയ്യാൻ സർക്കാർ ഏക്കറിന് മുപ്പതിനായിരം രൂപയും വിത്തും വളവും സൗജന്യമായി നൽകും. ഇത് ആദ്യ തവണ മാത്രമേയുള്ളു. അത് ലഭിച്ചാൽ തന്നെ ബാക്കി തുക കർഷകർ കണ്ടെത്തണം. ബാങ്കുകളിൽ നിന്ന് ലോണെടുത്തും വട്ടിപ്പലിശയ്ക്ക് പണം കടം വാങ്ങിയുമാണ് പലരും കൃഷിയിറക്കുന്നത്. അടിക്കടിയുണ്ടാകുന്ന നഷ്ടം കർഷകർക്ക് താങ്ങാൻ കഴിയുന്നില്ല.
പലരും നിലം പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്നവരാണ്. അപ്പർ കുട്ടനാടിന്റെ ഭാഗമായ കരിങ്ങാലി പാടശേഖരത്തിൽപ്പെടുന്നതാണ് ചിറമുടി ഏലയെങ്കിലും ആലപ്പുഴ ജില്ലയിലെ കർഷകർക്ക് ലഭിക്കുന്ന ഒരു ആനുകൂല്യങ്ങളും ഇവിടെ കിട്ടുന്നില്ല. പത്തനംതിട്ടയെ നാണ്യവിള ജില്ലയായി പ്രഖ്യാപിച്ചതാണ് ഇതിന് കാരണം.
ഏക്കറിന് 35,000 രൂപ ചെലവ്
പൂട്ടുകൂലി, വരമ്പ് വെട്ട്, വിത്ത് വിത, ഞാറു നടീൽ, വളം , കളയെടുപ്പ്, കീടനാശിനി, കൊയ്ത്ത്, മെതി എന്നിവയ്‌ക്കെല്ലാം കൂടി ഏക്കറിന് 35,000 രൂപയ്ക്ക് മുകളിൽ ചെലവ് വരും.
നല്ല വിളവ് ലഭിച്ചാൽ ഒരേക്കറിൽ നിന്ന് 270 പറ നെല്ല് കിട്ടും. ഇത് 1620 കിലോയോളം വരും. ഇരുപത്തിയഞ്ച് രൂപ കിലോയ്ക്ക് കിട്ടിയാൽ 40,500 രൂപ ലഭിക്കും. ഇത് കർഷകർക്ക് മുതലാകില്ല എന്നാണ് പറയുന്നത്.
തരിശ് നിലങ്ങൾ കൃഷിചെയ്യുന്നതിന് പദ്ധതികൾ പലതും ആവിഷ്‌ക്കരിച്ചിട്ടുണ്ടെങ്കിലും ചിറമുടി പ്രദേശത്തെ ജനപ്രതിനിധികൾ കർഷകരെ സഹായിക്കാൻ നടപടികൾ സ്വീകരിക്കുന്നില്ല.
അമാനുള്ള ഖാൻ,
കർഷകൻ