പത്തനംതിട്ട: ബാലതാരത്തിനുള്ള അവാർഡ് അബനിക്കു ലഭിക്കണമെന്ന പ്രതീക്ഷയിൽത്തന്നെയാണ് 'പന്ത്' സംവിധാനം ചെയ്തതെന്നു പറയാൻ ആദിക്കു മടിയുണ്ടായില്ല. അച്ഛന്റെ കൈപിടിച്ചാണ് രണ്ടാമത് സംസ്ഥാന അവാർഡിലേക്ക് എത്തിയതെന്നു പറയാൻ അബനിക്കും. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരമായി തിരഞ്ഞെടുക്കപ്പെട്ട അബിനി ആദിയും ചിത്രത്തിന്റെ സംവിധായകൻ ആദിയും ഇന്നലെ പത്തനംതിട്ട പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയിൽ ഒന്നിച്ചെത്തിയാണ് അനുഭവങ്ങൾ പങ്കുവച്ചത്..
അബിനി ആദിയിലെ അഭിനയ മികവ് കണ്ടറിഞ്ഞ് ചലച്ചിത്രലോകത്തേക്കു കൂട്ടിക്കൊണ്ടുവന്നത് അച്ഛനായ ആദിയാണ്. ആദി സംവിധാനം ചെയ്ത പരസ്യചിത്രത്തിലൂടെയാണ് ആറുവയസുള്ളപ്പോൾ അബിനി അഭിനയം തുടങ്ങിയത്. സിദ്ധാർത്ഥ് ശിവ് സംവിധാനം ചെയ്ത കൊച്ചവ്വ പൗലോ, അയ്യപ്പ കൊയ്‌ലോ എന്ന ചലച്ചിത്രത്തിലൂടെ ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേരത്തെ അബിനി ആദി കരസ്ഥമാക്കിയിരുന്നു. ഇത്തവണ ആദി സംവിധാനം ചെയ്ത പന്താണ് അബിനിയെ അവാർഡിന് അർഹമാക്കിയത്.
ചിത്രത്തിന്റെ കഥയും സംവിധാനവുമെല്ലാം ആദിയുടേതായിരുന്നു. മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത് അബിനിയാണ്. പന്തിൽ അഭിനയിക്കുന്നതിന് രണ്ടുമാസമെടുത്ത് ഫുട്‌ബാൾ പഠിക്കേണ്ടിവന്നു. പിന്നീട് മലപ്പുറത്തു പോയി. ഷൂട്ടിംഗ് അവിടെയായിരുന്നു. മലപ്പുറം കേന്ദ്രമാക്കിയുള്ള കഥയാണ് ചിത്രത്തിന്റേത്. മലപ്പുറം ഭാഷ പഠിക്കേണ്ടിവന്നു. കോസ്റ്റ്യൂം അടക്കം തീരുമാനിച്ചത് അമ്മ അരുണയാണ്.
അബിനിയുടെ മുത്തച്ഛനും ബുക്ക്മാർക്ക് ഡയറക്ടറുമായ എ. ഗോകുലേന്ദ്രനും ഒപ്പമുണ്ടായിരുന്നു. പ്രസ്‌ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കുര്യൻ, എ.ആർ. സാബു എന്നിവർ സംസാരിച്ചു.