അടൂർ : അടൂരിൽ നിന്ന് എം.സി റോഡിന് സമാന്തരമായി കോട്ടയത്തേക്കുള്ള പാതയ്ക്ക് കിഫ്ബിയുടെ അംഗീകാരം. കോഴഞ്ചേരി മുതൽ കോട്ടയം വരെയുള്ള റോഡിന്റെ വികസനം നേരത്തെ നടപ്പാക്കി. ഇനി വികസനം നടത്തേണ്ട അടൂർ മുതൽ കോഴഞ്ചേരി തെക്കേമല വരെയുള്ള 22 കിലോമീറ്റർ പാതയുടെ നവീകരണത്തിനായി 103.03 കോടി രൂപയുടെ അനുമതി കിഫ്ബിയിൽ നിന്ന് ലഭിച്ചു. നവീകരണം പൂർത്തിയാകുന്നതോടെ അടൂരിനും കോട്ടയത്തിനും മദ്ധ്യേയുള്ള പ്രധാന പാതയായി ഇത് മാറും. ഒപ്പം അടൂർ മുതൽ ആനന്ദപ്പള്ളി വരെയുള്ള എം.ജി റോഡിന്റെ നവീകരണവും സാദ്ധ്യമാകും. ഇപ്പോൾ അടൂരിൽ നിന്നുള്ള യാത്രക്കാർക്ക് കോട്ടയത്ത് എത്തണമെങ്കിൽ എം.സി റോഡാണ് പ്രധാന ആശ്രയം. 60 കിലോമീറ്ററുള്ള യാത്രയ്ക്ക് വേണ്ടിവരുന്നത് രണ്ട് മുതൽ രണ്ടര മണിക്കൂറാണ്. പന്തളം, ചെങ്ങന്നൂർ, തിരുവല്ല എന്നീ നഗരങ്ങളിലെ ഗതാഗതകുരുക്കാണ് ഇതിൽ പ്രധാനം. പുതിയ പാത യാഥാർത്ഥ്യമായാൽ ഒന്നര മണിക്കൂർ കൊണ്ട് കോട്ടയത്ത് എത്താം. പുതിയ പാത ആരംഭിക്കുന്നത് അടൂർ ആർ.ഡി.ഒ ഒാഫീസിന് സമീപത്ത് നിന്നാണ്. എം.ജി റോഡിലൂടെ കോട്ടപ്പുറം, ആനന്ദപ്പള്ളി, കീരുകുഴി, തുമ്പമൺ, അമ്പലക്കടവ്, ഇലവുംതിട്ട, കുഴിക്കാല, പുന്നയ്ക്കാട് വഴി തെക്കേമലയിൽ എത്തി പത്തനംതിട്ട - തിരുവല്ല റോഡിൽ പ്രവേശിക്കും. ഇൗ പാതയിലൂടെ കോഴഞ്ചേരിയിൽ എത്തിയാൽ പുല്ളാട്, വെണ്ണിക്കുളം, മല്ലപ്പള്ളി, മണർകാട്, കഞ്ഞിക്കുഴി വഴി കോട്ടയം നടഗരത്തിൽ പ്രവേശിക്കാം. കോഴഞ്ചേരി ഒഴിച്ചാൽ ഗതാഗതക്കുരുക്കുള്ള മറ്റ് പ്രധാന കവലകൾ ഇല്ലെന്നതാണ് ഇൗ റോഡിന്റെ പ്രത്യേകത.
അടങ്കൽതുക : 103.03 കോടി.
ദൈർഘ്യം : 21.89 കിലോമീറ്റർ.
വീതി : 7 മീറ്റർ
ഒാട : 60 സെന്റീമീറ്റർ വീതിയിൽ
കോട്ടപ്പുറത്ത് പുതിയ പാലം
എം.ജി റോഡിൽ കെ.ഐ.പി കനാലിന് മീതേ നിലവിലുള്ള പാലത്തിന് പകരമായി 7 മീറ്റർ വീതിയും 11 മീറ്റർ നീളവുമുള്ള പുതിയ പാലം നിർമിക്കും.