പത്തനംതിട്ട: ശബരിമല പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന് പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കുന്നതിനുളള മൂന്നു മാസത്തെ ഹൈക്കോടതി വിലക്ക് ഇന്നലെ അവസാനിച്ചു. പമ്പ പൊലീസ് സ്റ്റേഷനിൽ ഇന്നലെ ഹാജരായി ഒപ്പിട്ട അദ്ദേഹം തൃശൂരിലേക്കു മടങ്ങി.
പാർട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി തെക്കൻമേഖലാ പരിവർത്തൻ യാത്രയുമായി സുരേന്ദ്രൻ നാളെ ജില്ലയിലെത്തും. പത്തനംതിട്ട മണ്ഡലത്തിലെ പരിവർത്തൻ യാത്ര ഇന്ന് കാഞ്ഞിരപ്പളളിയിൽ നിന്ന് പ്രയാണം തുടങ്ങും.കെ. സുരേന്ദ്രൻ നാളെ റാന്നി, കോന്നി, അടൂർ, പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളിൽ പ്രസംഗിക്കും.
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികയിൽ സുരേന്ദ്രൻ ഒന്നാം പേരുകാരനായതിനാൽ പരിവർത്തൻ യാത്രയുമായി എത്തുന്ന അദ്ദേഹത്തിന് വലിയ സ്വീകരണമാണ് പാർട്ടി ഒരുക്കുന്നത്. ശബരിമല ചിത്തിര ആട്ട വിശേഷനാളിൽ സന്നിധാനത്ത് 52കാരിയെ തടഞ്ഞ കേസിലാണ് സുരേന്ദ്രൻ അറസ്റ്റിലായത്. ജാമ്യ ഉപാധികളുടെ ഭാഗമായിരുന്നു മൂന്നു മാസം ജില്ലയിൽ പ്രവേശിക്കരുതെന്ന നിബന്ധന.