അടൂർ : കെ.പി റോഡിന്റെ ഇൗ ദുർഗതി എന്ന് തീരും....? സഹികെട്ട് ചോദിക്കുന്നത് അടൂർ മുതൽ ഏഴംകുളം വരെയുള്ള വ്യാപാരികളും നാട്ടുകാരും. അടൂർ മുതൽ കോട്ടമുകൾ ജംഗ്ഷൻ വരെയുള്ള പൈപ്പ് ലൈന്റെ നിർമ്മാണം പൂർത്തിയാക്കി റോഡ് കൈമാറിയന്ന് വാട്ടർ അതോററ്റി പറഞ്ഞിട്ട് ഇന്ന് ഒരാഴ്ചകഴിഞ്ഞു. എന്നാൽ ഇൗ ഭഗത്ത് അടക്കിടക്കി അഞ്ചിടത്തുണ്ടായ ജലചോർച്ചയെ തുടർന്ന് പണിനിറുത്തിവയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ് കരാറുകാർ. റോഡ് പുനരുദ്ധാരണം പൂർണ്ണതോതിൽ ആരംഭിക്കുന്നതിനായി 24നാണ് ഏഴംകുളം മുതൽ അടൂർ വരെയുള്ള ഗതാഗതം നിരോധിച്ചത്. ഒരാഴ്ച പിന്നിട്ടിട്ടും പൊതുമരാമത്ത് വകുപ്പ് ലക്ഷ്യമിട്ട നിർമ്മാണം എങ്ങുമെത്തിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ടാറിംഗിനായി സജ്ജമാക്കിയ ഭാഗങ്ങളിൽ പലയിടത്തും ജലചോർച്ചയെ തുടർന്ന് വീണ്ടും വെട്ടിപൊളിക്കേണ്ട അവസ്ഥയാണ്. ഇക്കാരങ്ങളാൽ റോഡ് പുനരുദ്ധാരണം ഇഴഞ്ഞു നീങ്ങുകയാണ്. ഫലത്തിൽ ഇൗ ഭാഗത്തെ വ്യാപാര മേഖല പൂർണമായും സ്തംഭിച്ചു. പൊടി തിന്ന് ദുരിതജീവതം നയിക്കേണ്ട അവസ്ഥയാണ് പരിസരവാസികളുടേത്. കോട്ടമുകൾ ഭാഗത്ത് ഞായറാഴ്ച പൈപ്പിലുണ്ടായ ശക്തമായ ചോർച്ചകാരണം ജലം റോഡിലേക്ക് കയറി പണി തടസപ്പെട്ടതിനൊപ്പം ടിപ്പർലോറി മണ്ണിൽ പുതയുകയും ചെയ്തു. ഇൗ ഭാഗത്ത് രണ്ടിടത്താണ് മാറി മാറി ചോർച്ച ഉണ്ടായത്. വീടുകൾ, വ്യാപാര സ്ഥാനങ്ങൾ, പൊതുപൈപ്പുകൾ എന്നിവയ്ക്കായി സ്ഥാപിച്ച സബ് പൈപ്പുകൾ പ്രധാന പൈപ്പിൽ കൂട്ടിയോജിപ്പിച്ച ഭാഗത്താണ് ചോർച്ച ഉണ്ടായത്. കൂട്ടിയോജിപ്പിക്കുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കാത്ത വാട്ടർ അതോററ്റി കരാറുകാരുടെ എളുപ്പ വിദ്യയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണം. സ്ഥാപിച്ച ലൈൻ മണ്ണിട്ട് മൂടുന്നതിന് മുൻപ് ഉന്നത മർദ്ദത്തിൽ വെള്ളം തുറന്ന് വിട്ട് മതിയായ പരിശോധന നടത്താതിരുന്നതും മറ്റൊരു കാരണമായി. ഇതോടെ നവംബർ മാസത്തിൽ തുടങ്ങിയ കെ.പി റോഡ് നിർമ്മാണം അനിശ്ചിതമായി നീളുകയാണ്.

ചോർച്ച പരിശോധിക്കുന്നതിനായി ഉയർന്ന മർദ്ദത്തിൽ വെള്ളം തുറന്ന് വിട്ടതോടെയാണ് തകരാറുകൾ കണ്ടെത്തിയത്.ഒരു ടെസ്റ്റുകൂടി മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് കൊണ്ട് പ്രശ്നങ്ങൾ പൂർണമായും പരിഹിരിക്കും.കരാറുകാരുടെ ഭാഗത്തെ അനാസ്ഥയും മറ്റൊരു കാരണമായി.

ജസി തോമസ്,

അസി. എൻജിനീയർ, വാട്ടർ അതോററ്റി.

ജലചോർച്ച കാരണം കൂടെ കൂടെ റോഡ് വെട്ടികുഴിക്കേണ്ടി വരുന്നത് കാരണം പൂർണതോതിൽ നിർമ്മാണം നടത്താനാകാത്ത സ്ഥിതിയാണ്. വാട്ടർ അതോററ്റിയുടെ പണി പൂർത്തിയായാൽ പത്ത് ദിവസംകൊണ്ട് വാഹനഗതാഗതത്തിന് റോഡ് തയ്യാറാക്കും.

മുരുകേശ് കുമാർ

അസി. എൻജിനീയർ, പൊതുമരാമത്ത് വകുപ്പ്.