തിരുവല്ല: മാലിന്യ ശേഖരണ - സംസ്കരണ പദ്ധതിയുടെ പ്രവർത്തനം നിലച്ചതോടെ പെരിങ്ങര പഞ്ചായത്തിലെ വഴിയോരങ്ങളിൽ മാലിന്യ നിക്ഷേപം വീണ്ടും ശക്തമായി. മാസത്തിലൊരിക്കൽ വീടുകളിലെത്തി പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാനായി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയ പദ്ധതിയുടെ പ്രവർത്തനം മൂന്നു മാസമായി നിലച്ചിരുന്നു. ഇതാണ് പാതയോരത്തെ മാലിന്യ നിക്ഷേപം വീണ്ടും ശക്തമാകാൻ കാരണമായത്. വീടുകളിൽ നേരിട്ടെത്തി സൗജന്യമായി മാലിന്യങ്ങൾ ശേഖരിച്ച് സംസ്കരിക്കാനായി ക്രിസ്റ്റ് ഗ്ലോബൽ എന്ന ഏജൻസിക്കാണ് ഗ്രാമപഞ്ചായത്ത് കരാർ നൽകിയത്. കരാർ കാലാവധി മൂന്നു മാസം മുമ്പ് അവസാനിച്ചെങ്കിലും പുതുക്കിയില്ല. ഇതോടെ പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ വഴി വക്കുകളിൽ തള്ളുന്ന പഴയ രീതി വീണ്ടും തുടങ്ങി. കോഴിക്കടകളിൽ നിന്നടക്കമുള്ള മാലിന്യങ്ങളും സാനിറ്ററി നാപ്കിൻ ഉൾപ്പടെയുള്ളവയും ഇവയിൽപ്പെടും. ഇതോടെ ഗ്രാമീണ റോഡുകളിലെ ആളൊഴിഞ്ഞ ഭാഗങ്ങൾ എല്ലാം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. പകൽ സമയത്തടക്കം വാഹനങ്ങളിലെത്തിയാണ് വഴിവക്കുകളിൽ പ്ലാസ്റ്റിക് കൂടകളിലും ചാക്കിലും നിറച്ച് മാലിന്യം തള്ളുന്നത്. മാലിന്യങ്ങൾ ഭക്ഷിക്കാനെത്തുന്ന തെരുവുനായക്കൂട്ടങ്ങൾ കാൽനടക്കാർക്കും വാഹനയാത്രികർക്കും ഭീഷണിയാകുന്നുണ്ട്. മാലിന്യങ്ങളിൽ നിന്നുള്ള കടുത്ത ദുർഗന്ധം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നു.
തീരുമാനം നാളെ
മാലിന്യങ്ങൾ ശേഖരിച്ച് സംസ്കാരിക്കുന്ന പദ്ധതി പുനരാരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ ചർച്ച നടത്തി. നാളെ നടക്കുന്ന യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കും.
ഏലിയാമ്മ തോമസ്
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്