agricl

അടൂർ : കർഷകർക്ക് കനത്ത നഷ്ടം വിതച്ച് ഏത്തവാഴയ്ക്ക് അജ്ഞാതരോഗം. ഒാണക്കാല വിളവെടുപ്പ് പ്രതീക്ഷിച്ച് ഏലാകളിൽ കൃഷിചെയ്തുവരുന്ന നാല് മുതൽ ആറ്മാസംവരെയുള്ള ഏത്തവാഴകളാണ് പിണ്ടിയിലും ഇലകളിലും രോഗം വന്ന് നശിച്ചു പോകുന്നത്. അടൂർ നഗരസഭയിലെ പുതുവാക്കൽ ഏലായിൽ കാണപ്പെട്ട അജ്ഞാതരോഗം മറ്റിടങ്ങളിലേക്കും വ്യാപിച്ചു .രോഗം വരുത്തുന്നത് ഫംഗസോ, വൈറസോ എന്നത് സംബന്ധിച്ച് കൃഷിവകുപ്പ് ഉദ്യോസ്ഥർക്കും നിശ്ചയമില്ല. ഇതോടെ ഒാരോ ദിവസം കഴിയുന്തോറും രോഗം പടരുകയാണ്. കഴിഞ്ഞ ഒാണക്കാലത്ത് പ്രളയം കാരണം ഏത്തവാഴ കൃഷിയിൽ നല്ലൊരുപങ്കും നശിച്ചുപോയി. അതിന്റെ നഷ്ട പരിഹാരം ഇതുവരെയും കർഷകർക്ക് ലഭിച്ചുതുടങ്ങിയില്ല. ഇൗ ദുരിതങ്ങളുടെ നടുവിലാണ് കർഷകർ ഒാണക്കാല പിപണിയിൽ പ്രതീക്ഷയർപ്പിച്ച് വ്യാപകമായി ഏത്തവാഴകൃഷിയിറക്കിയത്. മാണപ്പുഴുവോ, പിണ്ടിപ്പുഴുവോ ആകാം കാരണമെന്നായിരുന്നു കർഷകർ ആദ്യം കരുതിയത്. എന്നാൽ നശിച്ച വാഴകൾ പരിശോധിച്ചപ്പോൾ പുഴുവിന്റെ ശല്യം എങ്ങും കണ്ടെത്താനായില്ല. കൃഷി ഒാഫീസർമാരുടെ നിർദ്ദേശ പ്രകാരം 'ടിൽറ്റ് ' എന്ന കുമിൾ നാശിനി സ്പ്രേ ചെയ്ത് പരീക്ഷിച്ചെങ്കിലും ഫലംകണ്ടില്ല. ഇത് സംബന്ധിച്ച് ജില്ലാ കൃഷിവകുപ്പിലെ വിദഗ്ദ്ധസംഘം സാമ്പിളുകൾ ശേഖരിച്ച് മതിയായ പരിശോധന നടത്തി രോഗകാരണം കണ്ടെത്തിയില്ലെങ്കിൽ ആയിരകണക്കിന് ഏത്തവാഴകളാകും നശിച്ചുപോവുക.

ലഷണങ്ങൾ

ആദ്യം പിണ്ടിയിൽ കറുത്ത പാടും ഇലകളിൽ മഞ്ഞളിപ്പും പ്രത്യക്ഷമാകും. ക്രമേണ കറുത്തപാടുകൾ വലുതായി പിണ്ടിമുഴുവൻ വ്യാപിക്കുകയും വെള്ളം നിറഞ്ഞ് അഴുകിയ ദുർഗന്ധം അനുഭവപ്പെടുകയും ചെയ്യും. ഒപ്പം ഇലകൾ കരിഞ്ഞും പിണ്ടിയൊടിഞ്ഞും വാഴകൾ നശിക്കും.

ഇത്തരമൊന്ന് ആദ്യം

ഇലകരിച്ചിൽ രോഗം വ്യാപകമാണെങ്കിലും പിണ്ടി അളിഞ്ഞ് വാഴകൾ നശിക്കുന്ന രോഗം ഇതാദ്യമായാണ് ഉണ്ടാകുന്നത്. വളരെവേഗത്തിലാണ് രോഗം ബാധിച്ച് വാഴകൾ പൂർണമായും നശിച്ചുപോകുന്നത്.

ഡി. മുരളി, പന്നിവിഴ

ഏത്തവാഴ കർഷകൻ.

നഗരസഭയുടെ അനാസ്ഥ.

വിളപരിപാലന ആരോഗ്യകേന്ദ്രം തുടങ്ങുന്നതിന് അടൂർ കൃഷിഭവന് അനുമതി ലഭിച്ചതാണ്. സ്ഥലപരിമിതി കാരണം ഇത് സാദ്ധ്യമായില്ല. നഗരസഭ അധികൃതരോട് ഇത് സംബന്ധിച്ച് നിരന്തരം അഭ്യർത്ഥന നടത്തിയെങ്കിലും അവർ കൈമലർത്തി. കേന്ദ്രം ഉണ്ടായിരുന്നെങ്കിൽ യഥാസമയം കർഷക രക്ഷയ്ക്ക് എത്തുമായിരുന്നു.