varalcha

പത്തനംതിട്ട: വരൾച്ച മുന്നിൽ കണ്ട് ജില്ലാ ഭരണകൂടം മുൻകരുതൽ നടപടികൾ ശക്തമാക്കി. തദ്ദേശഭരണസ്ഥാപന അദ്ധ്യക്ഷന്മാർ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ജില്ലാ കളക്ടർ പി.ബി നൂഹിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു വിപുലമായ നടപടികൾക്ക് രൂപം നൽകി. തിരുവല്ല സബ് കളക്ടർ ഡോ. വിനയ് ഗോയൽ, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്.ശിവപ്രസാദ്, എൽ.ആർ ഡെപ്യൂട്ടി കളക്ടർ ജയമോഹൻ, ഡി.എം ഡെപ്യൂട്ടി കളക്ടർ ജയപ്രകാശ് കുറുപ്പ്, ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ബി.വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.


ജലലഭ്യത ഉറപ്പാക്കുന്നതിന്, പൈപ്പ് ലൈനുകളിലെ പൊട്ടലുകളും മറ്റ് അറ്റകുറ്റപ്പണികളും നടത്തി ജലവിതരണം കാര്യക്ഷമമാക്കുന്നതിന് ജല അതോറിറ്റിക്ക് നിർദേശം നൽകി. പൊതുവിതരണ ശൃംഖലയിലൂടെ നൽകുന്ന കുടിവെള്ളം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം.

കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിന് പ്രഥമ പരിഗണന നൽകി പുതിയ കുഴൽകിണറുകൾക്കും അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതിനും തീരുമാനമായി.

ജലത്തിന്റെ ഉപയോഗവും ജലനഷ്ടവും കുറയ്ക്കുന്നതിനുള്ള ബോധവത്കരണപ്രവർത്തനങ്ങൾ, ജലസ്രോതസുകളെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനം, തൊഴിലുറപ്പുകാരുടെ തൊഴിൽസമയത്തിൽ ഭേദഗതി, വേനൽ മഴവെള്ളം സംഭരിക്കാനുള്ള സൗകര്യമൊരുക്കൽ എന്നിവയൊക്കെ ജില്ലാഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ നടത്തും.
ഭൂജലത്തിന്റെ അളവ് ക്രമാതീതമായി കുറഞ്ഞു തുടങ്ങിയതാണ് കുടിവെളള സ്രോതസുകൾ വറ്റിവരളാൻ കാരണമായിരിക്കുന്നതെന്നു യോഗം വിലയിരുത്തി.

പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ കുടിവെള്ള കിയോസ്‌കുകൾ സ്ഥാപിക്കും.
അടിയന്തര കുടിവെള്ള വിതരണത്തിനുള്ള ജലസ്രോതസുകൾ വാട്ടർ അതോറിറ്റി കണ്ടെത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ സ്വകാര്യ വ്യക്തികളുടേത് അടക്കം കൂടുതൽ ജലസ്രോതസുകൾ ഉപയോഗപ്പെടുത്തും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് കുടിവെള്ള വിതരണം നടത്തുന്നതിനുള്ള മുഖ്യ ചുമതല. വെള്ളം ലഭിക്കാത്ത സ്ഥലങ്ങളിൽ ജില്ലാ ഭരണകൂടം ടാങ്കറുകൾ ഉപയോഗിച്ച് വെള്ളം എത്തിക്കും.

വാട്സ്ആപ്പ് ഗ്രൂപ്പ്

തദ്ദേശഭരണ സ്ഥാപന അദ്ധ്യക്ഷന്മാർ, തഹസിൽദാർമാർ, ജല അതോറിറ്റി എൻജിനിയർമാർ എന്നിവരെ ഉൾപ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ആരംഭിക്കും, കുടിവെള്ളവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതിൽ പങ്കുവയ്ക്കും.

അതത് സമയങ്ങളിൽ ഇതിലൂടെ വിവരങ്ങൾ പങ്കുവച്ച് എത്രയും പെട്ടെന്ന് കുടിവെള്ളപ്രശ്നത്തിന് പരിഹാരം കാണുകയാണ് ലക്ഷ്യം.

ശ്രദ്ധിക്കുക...

രോഗപ്രതിരോധത്തിന് പ്രാധാന്യം നൽകണം.

ശുദ്ധതയുള്ള കുടിവെള്ളം ഉപയോഗിക്കണം.

നിർജലീകരണമുണ്ടാകാതെ ശ്രദ്ധിക്കണം.

പൊതുഇടങ്ങളിൽ രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് മൂന്നു വരെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണം.

അയഞ്ഞ ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കുക.

ഡോ. എ.എൽ ഷീജ,

ജില്ലാ മെഡിക്കൽ ഓഫീസർ

കുടിവെള്ള ടാങ്കുകളിൽ വാർഡുകൾ തോറും എത്തിക്കുന്ന ജലം യഥാസമയം ശുദ്ധീകരിക്കണം. ഇത് ആരോഗ്യവകുപ്പ് അധികൃതർ പരിശോധിച്ച് ശുദ്ധത ഉറപ്പ് വരുത്തണം.
പി.ബി.നൂഹ് ,
ജില്ലാ കളക്ടർ