annapoorna-devi-inaug

കുമ്പനാട്: കുമ്പനാട് ചെമ്പശ്ശേരി ജംഗ്ഷൻ - പുല്ലാട് കനാൽ ബൈപാസ് റോഡ് യാഥാർത്ഥ്യമായി. ആറാട്ടുപുഴ റോഡിൽ കരീലമുക്ക് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് കുമ്പനാട് ജംഗ്ഷനിൽ വരാതെ ചെമ്പശ്ശേരിപ്പടി ജംഗ്ഷനിൽ തിരിഞ്ഞ് പുല്ലാട് ഭാഗത്തേക്ക് എളുപ്പം എത്താൻ സാധിക്കും. ഇതു മൂലം മൂന്ന് കിലോമീറ്റർ ദൂരം ലാഭിക്കാനും ടി.കെ റോഡിലെ കുമ്പനാട് ജംഗ്ഷനിലെ ട്രാഫിക്കിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും. പുല്ലാട് കൃഷി ഭവൻ ജംഗ്ഷന് സമീപത്ത് നിന്നുള്ള കനാൽ റോഡിന്റെ പൂഴിക്കാലപ്പടി റോഡും ശാലേം പള്ളി റോഡും ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നേരത്തെ ടാറിംഗ് നടത്തിയിരുന്നു. കനാൽ റോഡിൽ ശേഷിച്ച പൂഴിക്കാലാപ്പടി ചെമ്പശ്ശേരി ജംഗ്ഷനിലെ ഒരു കിലോമീറ്റർ ദൂരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവിയുടെ ഫണ്ടിൽ നിന്ന് ഇരുപതു ലക്ഷം രൂപ ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തത്. റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മോൻസി കിഴക്കേടത്ത് അദ്ധ്യക്ഷത വഹിച്ചു. കുമ്പനാട് ശാലേം മാർത്തോമ്മാ പള്ളി വികാരി റവ. ജോൺ ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗമായ നിർമ്മല മാത്യൂസ്, പഞ്ചായത്ത് അംഗങ്ങളായ സണ്ണി ചെള്ളേത്ത്, റോയി പരപ്പുഴ, ഷിബു കുന്നപ്പുഴ, ഡി.സി.സി അംഗമായ മാത്യു കല്ലുങ്കത്തറ, കോൺഗ്രസ് കോയിപ്രം മണ്ഡലം പ്രസിഡന്റ് സുബിൻ നീറുംപ്ലാക്കൽ, കെ.എൻ. കമലോൽഭവൻ, എഴുത്തുകാരനായ അബിനാഷ് തുണ്ടുമണ്ണിൽ, വി. ഐ.കുട്ടൻ, ബോബി കുളങ്ങരമഠം, ജോണിക്കുട്ടി കുറ്റിക്കാട്ട് എന്നിവർ പ്രസംഗിച്ചു.