mcroad
സർക്കാർ ഏറ്റെടുത്ത സ്ഥലത്തെ അതിർത്തി കല്ലിൽ നിന്നും ഉള്ളിലേക്ക് കയറ്റി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നു.

അടൂർ :എം. സി റോഡ് വീതികൂട്ടി നിർമ്മിക്കുന്നതിനായി പൊന്നുംവിലയ്ക്ക് എടുത്ത സ്ഥലം പൂർണമായും ഉപയോഗപ്പെടുത്താതെ കല്ലുകെട്ടി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നു. ഏനാത്ത് ചന്തയ്ക്ക് എതിർവശത്താണ് കല്ലിട്ട് തിരിച്ച സ്ഥലം വിനിയോഗിക്കാത്തത്. സ്വകാര്യ വ്യക്തികളെ സഹായിക്കാനാണിതെന്ന് പരാതിയുണ്ട്. ഏനാത്ത് ചന്തയുടെ എതിർഭാഗത്ത് വയൽ നികത്തി പുതിയ പാലം നിർമ്മിച്ചതിനൊപ്പമാണ് എം. സി റോഡ് നിർമ്മിച്ചത്. ഇൗ ഭാഗത്ത് മതിയായ സംരക്ഷണ ഭിത്തിയില്ലാത്തതും റോഡിന് വീതി ഇല്ലാത്തതും ഏറെ അപകടങ്ങൾക്ക് കാരണമായിരുന്നു കാൽനട യാത്രയും ബുദ്ധിമുട്ടായിരുന്നു. ഇതിനെ തുടർന്നാണ് വീതി വർദ്ധിപ്പിക്കുന്നതിനായി ഇരുവശങ്ങളിലും പാറയും നെറ്റും ഉപയോഗിച്ച് ഡി. ആർ കെട്ടി സംരക്ഷിക്കുന്നതിന് കരാർ ഉറപ്പിച്ചത്. 93-ലാണ് റോഡ് നിർമ്മാണത്തിനായി സ്വകാര്യ വ്യക്തികളിൽ നിന്ന് പൊന്നുംവിലയ്ക്ക് സ്ഥലം ഏറ്റെടുത്ത് കല്ലിട്ടത്. എന്നാൽ നിലവിലുള്ള റോഡിന്റെ അതിർത്തി കല്ലിൽ നിന്ന് മൂന്ന് മീറ്ററോളം ഉള്ളിലേക്ക് കയറ്റിയാണ് ഇപ്പോൾ നിർമ്മാണം നടത്തുന്നത്. റോഡിന്റെ നിർമ്മാണ ഘട്ടത്തിൽ മണ്ണിട്ട് ഉയർത്തുന്നതിനായി കെട്ടിയ കോൺക്രീറ്റ് വരെമാത്രമാണ് വാനം എടുത്ത് ലക്ഷങ്ങൾ മുടക്കി പാറകെട്ടുന്നത്. അഞ്ച് മീറ്ററിലേറെ ഉയരത്തിലുള്ള നിർമ്മാണമായതിനാൽ സമീപകാലത്തൊന്നും ഇൗ സ്ഥലം വിനിയോഗിക്കില്ല. നിലവിലുള്ള നിർമ്മാണം അതേപടിതുടർന്നാൽ പുതിയതായി ബസ് സ്റ്റാൻ‌ഡ് നിർമ്മിച്ച ഭാഗത്ത് എത്തുമ്പോഴേക്കും 4 മീറ്ററോളം ഉള്ളിലേക്ക് കയറിയാവും സംരക്ഷണ ഭിത്തി വരിക. വിനിയോഗിക്കാതെ ഒഴിച്ചിട്ടിരിക്കുന്ന സ്ഥലം കാലക്രമേണ സ്വകാര്യ വ്യക്തികളുടെ കൈവശത്തിലാകും. സ്ഥലംപൂർണമായും വിനിയോഗിച്ച് സംരക്ഷണ ഭിത്തി നിർമ്മിച്ചാൽ റോഡിന്റെ വീതി ഇനിയും വർദ്ധിപ്പിക്കാനാകും

സ്ഥലം പൂർണമായും വിനിയോഗിക്കാത്തത് സംബന്ധിച്ച വിവരം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് നേരിട്ട് അന്വേഷണം നടത്തും. സർക്കാർ ഏറ്റെടുത്ത സ്ഥലം നഷ്ടപ്പെടാൻ അനുവദിക്കില്ല.

അൻസാർ

സൂപ്രണ്ടിംഗ് എൻജിനീയർ, കെ. എസ്. ടി. പി.