sadhya
പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ കൊടിയേറ്റിന് മുന്നോടിയായി നടന്ന കൊടിയേറ്റ് സദ്യ.

അടൂർ : പഞ്ചാക്ഷരി മന്ത്രം അലയടിച്ച അന്തരീക്ഷത്തിൽ പത്തുനാൾ നീണ്ടുനിൽക്കുന്ന തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ഇന്നലെ രാത്രി 7.30 ന് തന്ത്രി താഴമൺ മഠത്തിൽ കണ്ഠരര് രാജീവരാണ് കൊടിയേറ്റ് നിർവഹിച്ചത്. നേരത്തെ കൊടിക്കൂറ ശുദ്ധിവരുത്തി പ്രത്യേകപൂജ നടത്തി. ധ്വജവാഹനത്തെ കൊടിക്കൂറയിലേക്ക് സന്നിവേശിപ്പിച്ചു. വായ്ക്കുരവകളും വാദ്യമേളങ്ങളും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തരുടെ സാന്നിദ്ധ്യത്തിൽ സ്വർണക്കൊടിമരത്തിലേക്ക് കൊടിക്കൂറ ഉയർന്നപ്പോൾ ഒാം നമശിവായ മന്ത്രങ്ങളാൽ ക്ഷേത്രപരിസരം മുഖരിതമായി. ഇന്നുമുതൽ ഉത്സവബലി ചടങ്ങുകൾ ആരംഭിക്കും. കൊടിയേറ്റിന് മുന്നോടിയായി നടന്ന കൊടിയേറ്റ് സദ്യയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്തു. 550 പറ അരിയുടെ സദ്യയാണ് ഒരുക്കിയത്. ഇതിന് മുന്നോടിയായി ഉടയാൻ നടയിൽ താംബൂല സമർപ്പണം നടത്തി കരവളിച്ചു. തുടർന്ന് ദേവന് ആദ്യം സദ്യ സമർപ്പിച്ചു. തുടർന്ന് ക്ഷേത്രത്തിന് ചുറ്റുമായി ഇരുന്ന ഭക്തർക്ക് തൂശനിലയിൽ പായസം ഉൾപ്പെടെ വിഭവസമൃദ്ധമായ സദ്യ നൽകി. ഒാരോ വിഭവങ്ങൾ വിളമ്പുന്നതിനും ഒാരോ കരക്കാരെ വീതമാണ് നിയോഗിച്ചത്.