..നോട്ടീസിൽ ഭക്ഷ്യഭദ്രതാ ശിൽപ്പശാല, വേദിയിലെ ബാനറിൽ സർക്കാരിന്റെ ആയിരം ദിനാഘോഷം.
...ഉദ്ഘാടത്തിന് എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഷേധിച്ച് മടങ്ങിപ്പോയി
...
പത്തനംതിട്ട: ഭക്ഷ്യ, പൊതുവിതരണ വകുപ്പ് കളക്ടറേറ്റിൽ സംഘടിപ്പിച്ച ഭക്ഷ്യഭദ്രതാ നിയമം ബോധവത്ക്കരണ ശിൽപ്പശാലയിൽ സർക്കാർ രാഷ്ട്രീയം കലർത്തിയെന്ന് ആരോപിച്ച് യു.ഡി.എഫ് , ബി.ജെ.പി ജനപ്രതിനിധികൾ ഇറങ്ങിപ്പോയി. വേദിയിലെ ബാനറിൽ സർക്കാരിന്റെ ആയിരം ദിനാഘോഷം എന്നെഴുതിയതാണ് പ്രതിപക്ഷ കക്ഷി അംഗങ്ങളെ ചൊടിപ്പിച്ചത്.
ശിൽപ്പശാല ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ ദേവിയും വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂരും ജില്ലാ പഞ്ചായത്തംഗം കെ.ജി അനിതയും സംഘാടകരോട് പ്രതിഷേധം പ്രകടിപ്പിച്ച് ഇറങ്ങിപ്പോരുകയായിരുന്നു. പിന്നാലെ മറ്റ് യു.ഡി.എഫ് ജനപ്രതിനിധികളും പരിപാടി ബഹിഷ്കരിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം ജനങ്ങൾക്ക് ഉപകാരപ്പെടുന്നതായതുകൊണ്ടാണ് ഉദ്ഘാടനം ഏറ്റതെന്നും ഇവിടെ വന്നപ്പോഴാണ്, ശിൽപ്പശാലയുടെ മറവിൽ സർക്കാരിന്റെ ആയിരം ദിനാഘോഷം നടത്തുകയാണെന്ന് മനസിലായതെന്നും അന്നപൂർണ ദേവി പറഞ്ഞു. ഇക്കാര്യത്തിലുളള പ്രതിഷേധം ജില്ലാ കളക്ടറെ എഴുതി അറിയിച്ചു.
ശിൽപ്പശാല സംബന്ധിച്ച് പൊതുവിതരണ വകുപ്പ് ഇറക്കിയ നോട്ടീസിൽ ഭക്ഷ്യ ഭദ്രതാ നിയമത്തെപ്പറ്റിയും ഇ പോസ് മെഷിൽ പ്രവർത്തനത്തെക്കുറിച്ചും ബോധവൽക്കരണ ശിൽപ്പശാല എന്നാണ് എഴുതിയിരുന്നതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ചൂണ്ടിക്കാട്ടി. കേന്ദ്രത്തിൽ യു.പി.എ സർക്കാർ അധികാരത്തിലിരുന്നപ്പോൾ കൊണ്ടുവന്ന ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാന സർക്കാരിന്റെ നേട്ടമായി ആയിരം ദിനാഘോഷത്തിൽ ഉൾപ്പെടുത്തിയത് തട്ടിപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
ശിൽപ്പശാല യു.ഡി.എഫ് അംഗങ്ങൾ ബഹിഷ്കരിച്ചതിനു പിന്നാലെ അജയകുമാർ വല്ല്യുഴത്തിലിന്റെ നേതൃത്വത്തിൽ ബി.ജെ.പി അംഗങ്ങളും ഇറങ്ങിപ്പോയി.
ജില്ലാ പഞ്ചായത്ത്, ബ്ളോക്ക് തലങ്ങളിലെ ജനപ്രതിനിധികളടക്കം അറുപതോളം പേർ ശിൽപ്പശായിൽ എത്തിയിരുന്നു.
...
'' ഭക്ഷ്യ ഭദ്രതാ നിയമം ശിൽപ്പശാല ജനപ്രതിനിധികൾക്കും പൊതുജനങ്ങൾക്കും പ്രയോജനമായതുകൊണ്ടാണ് ഉദ്ഘാടനത്തിന് ഏറ്റത്. വേദിയലെത്തിയപ്പോഴാണ് സർക്കാരിന്റെ ആയിരം ദിനാഘോഷമാണെന്നു മനസിലായത്.
അന്നപൂർണദേവി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
...
'' ആയിരം ദിനാഘോഷം എന്നെഴുതിയ ബാനർ പൊതുവിതരണ വകുപ്പ് ഡയറക്ടറേറ്റിൽ നിന്ന് അയച്ചു തന്നതാണ്. എല്ലാ ജില്ലകളിലും ഇത്തരം ശിൽപ്പശാല നടക്കുന്നുണ്ട്.
ജില്ലാ സപ്ളൈ ഒാഫീസർ.