അടൂർ : റോഡ് കൈമാറിയാൽ തൊട്ടടുത്ത ദിവസം ടാറിംഗ് ആരംഭിക്കുമെന്ന പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ ഉറപ്പ് പാലിക്കപ്പെട്ടു. തകർന്ന് കിടന്ന കെ.പി റോഡിന്റെ ടാറിംഗ് ആരംഭിച്ചു. പി. ഡബ്ളിയു. ഡി ഒാഫീസിന് മുന്നിൽ ഇന്നലെ ഉച്ചയോടെയാണ് ടാറിംഗ് ആരംഭിച്ചത്. 11, 12 തീയതികളിലാണ് ഏഴംകുളം ദേവീക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവവും തൂക്കവും. ഇതിന് മുന്നോടിയായി 4 കിലോമീറ്റർ ഭാഗം ഭാഗികമായി ടാർ ചെയ്ത് തുറന്ന് കൊടുക്കുകയാണ് ലക്ഷ്യം.അടൂർ മുതൽ പൊതുമരാമത്ത് വകുപ്പ് ഒാഫീസിന് മുന്നിൽ വരെയുള്ള ഭാഗം താൽക്കാലികമായി സഞ്ചരിക്കുന്നതിന് സജ്ജമാക്കിയിട്ടുണ്ട്. ഏഴംകുളം വരെയുള്ള ആദ്യഘട്ട ടാറിംഗിന് ശേഷമേ ഇൗ ഭാഗത്തെ ടാറിംഗ് ആരംഭിക്കൂ. വാട്ടർ അതോററ്റിയുടെ മെല്ലപ്പോക്ക് കാരണമാണ് അടൂർ മുതൽ മരുതിമൂട് വരെ ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കാനുള്ള കരാർ അനിശ്ചിതമായി നീണ്ടത്. ഒടുവിൽ ഭരണ പ്രതിപക്ഷ കക്ഷികളുടെ സമരപരമ്പര അരങ്ങേറിയതോടെയാണ് ഇരുവശങ്ങളിലും പൈപ്പ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പണികളും തുടർന്നുണ്ടായ ചോർച്ചയും പരിഹരിച്ച് ചൊവ്വാഴ്ച റോഡ് പൊതുമരാത്ത് വകുപ്പിന് കൈമാറിയത്. വീണ്ടുംചോർച്ച ഉണ്ടായതിനെ തുടർന്ന് തകർന്ന ഭാഗങ്ങൾ വീണ്ടും മെറ്റിൽ നിരത്തി സഞ്ചാരയോഗ്യമാക്കിയ ശേഷമാണ് ടാറിംഗ് തുടങ്ങിയത്. മൂന്നാഴ്ചകൊണ്ട് അടൂർ മുതൽ മരുതിമൂട് വരെയുള്ള ടാറിംഗ് പൂർത്തിയാക്കി റോഡ് പൂർണമായി സഞ്ചാരയോഗ്യമാക്കും.