പത്തനംതിട്ട: ഉത്സവ പൂജകൾക്കായി ശബരിമല നട 11ന് വൈകിട്ട് അഞ്ചിന് തുറക്കും. ശ്രീകോവിലിന്റ പുതിയ സ്വർണം പൂശിയ വാതിലിന്റ സമർപ്പണ ചടങ്ങ് രാത്രി നടക്കും. ഇത്തവണ മീനമാസ പൂജയും ഉത്സവത്തിനൊപ്പമാണ് നടക്കുന്നത്. 21ന് ചടങ്ങുകൾ സമാപിക്കും.

12ന് രാവിലെ 7.30നും 8.25നും മധ്യേ തന്ത്രി കണ്ഠര് രാജീവര് കൊടിയേറ്റും. 13മുതൽ 20വരെ എല്ലാ ദിവസവും ഉച്ചയ്ത്ത് ഒന്നു മുതൽ രണ്ടുവരെ ഉത്സവ ബലിയും രാത്രി 9.30ന് ശ്രീഭൂത ബലിയും നടക്കും. 16 മുതൽ 20വരെ രാത്രി എട്ടിന് വിളക്കിനെഴുന്നള്ളിപ്പ് നടക്കും. 20ന് രാത്രി പത്തിന് ശരംകുത്തിയിൽ പള്ളിവേട്ട. 21ന് രാവിലെ 11ന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളിപ്പും വൈകിട്ട് അഞ്ചുമണിയോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളിപ്പും നടക്കും.

ഉത്സവത്തിന്റ ഭാഗമായി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവടങ്ങളിൽ 300 പൊലീസുകാരെ നിയോഗിക്കും. മൂന്നിടങ്ങളിലും എസ്.പി. റാങ്കിലുള്ളവർക്കാണ് സുരക്ഷാച്ചുമതല. നിലയ്ക്കലിലെ പാർക്കിങ് സൗകര്യങ്ങൾ ക്രമീകരിക്കുന്നതിന്റ ഭാഗമായി ഇവിടുത്തെ പൊലീസ് സ്റ്റേഷൻ ഉത്സവ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും.

നിലയ്ക്കൽ - പമ്പ ചെയിൻ സർവ്വീസിനായി 60 ബസുകൾ എത്തിക്കും. ഉത്സവത്തിന്റ ആദ്യ അഞ്ചു ദിവസങ്ങളിൽ 30 ബസുകളാവും സർവീസ് നടത്തുക. പമ്പയിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ ആവശ്യമെങ്കിൽ കുള്ളാർ ഡാമിൽ നിന്ന് വെള്ളം തുറന്നുവിടും.